സ്പീക്കറുടെ വിദേശയാത്രാവിവരങ്ങള്‍ തേടി ഇ.ഡി ; പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കത്ത്

Jaihind News Bureau
Monday, March 15, 2021

 

കൊച്ചി : നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം കടുപ്പിച്ച്‌ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ്. സ്പീക്കറുടെ വിദേശ യാത്രാവിവരങ്ങള്‍ തേടി പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് ഇ.ഡികത്തയച്ചു. സ്പീക്കർ പദവിയിലിരിക്കെ ശ്രീരാമകൃഷ്ണൻ ഏതൊക്കെ രാജ്യങ്ങളില്‍ എത്ര പ്രാവശ്യം പോയി, എന്നൊക്കെയാണ് സന്ദര്‍ശിച്ചത് തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനാണ് പ്രോട്ടോകോൾ വിഭാഗത്തിനോട് ഇ.ഡി നിര്‍ദ്ദേശിച്ചത്. വിദേശയാത്രയുടെ പേരില്‍ എത്ര രൂപ ടി എ, ഡിഎ ഇനത്തില്‍ കൈപ്പറ്റിയെന്ന് അറിയിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശ യാത്രകള്‍ ഔദ്യോഗികമായിരുന്നോ അനൗദ്യോഗികമായിരുന്നോ എന്ന് അറിയാനാണ് യാത്രയ്ക്ക് ടിഎ, ഡിഎ കൈപ്പറ്റിയോ എന്ന് അന്വേഷിക്കുന്നത്. സ്പീക്കറുടെ യാത്ര സംബന്ധിച്ച്‌ യുഎഇ കോണ്‍സുലേറ്റിലെ വിവരങ്ങളും സര്‍ക്കാര്‍ വിവരങ്ങളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സ്പീക്കറെ ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി നടപടി.സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാം എന്നാണ് ശ്രീരാമകൃഷ്ണൻ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.

ഇതിനിടെയാണ് ഇഡിയും സ്പീക്കറെ സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയേയും രണ്ട് സുഹൃത്തുക്കളേയും നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും ഇ.ഡി കൂടി സ്പീക്കർക്കെതിരെ അന്വേഷണവമായി വന്നിരിക്കുന്നത്. പ്രോട്ടോകോൾ വിഭാഗത്തിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നു രേഖകൾ ലഭിച്ചതിന് ശേഷം അത് പരിശോദിച്ച് ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ഇ.ഡി തീരുമാനം.