മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റില്ല ; വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി

Jaihind News Bureau
Tuesday, September 15, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി കെ.ടി ജലീലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ക്ലീന്‍ ചിറ്റില്ല. ജലീലിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി മേധാവി അറിയിച്ചു. കഴിഞ്ഞദിവസം ജലീല്‍ നല്‍കിയ മൊഴികളും ഇ.ഡി പരിശോധിക്കുകയാണ്.

അതേസമയം ജലീലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 2 ദിവസങ്ങളായി ചോദ്യം ചെയ്തെന്ന് സൂചന. വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി ജലീലിനെ ഇ. ഡി രണ്ടുദിവസം ചോദ്യം ചെയ്തത്.  സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നശിപ്പിച്ച തെളിവുകൾ എൻ.ഐ.എ വീണ്ടെടുത്തു.

വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 മണിവരെയും വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്തെന്നാണ് സൂചന. മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എറണാകുളത്തെ ഇ. ഡി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജലീലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് കൈമാറി. മൊഴി പരിശോധിച്ചശേഷം തുടര്‍നടപടിയെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു. രണ്ടാം ദിവസത്തെ മൊഴിയെടുപ്പ് 2 മണിക്കൂർ കൊണ്ട് പൂർത്തിയായി. എന്നാൽ മൊഴിയെടുപ്പ് വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്‍റെ ഓഫീസും രഹസ്യമാക്കി വെച്ചതിന് പിന്നാലെയാണ് പുതിയ വിവരം പുറത്ത് വന്നിരിക്കുന്നത്.

വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ കൊച്ചി ഓഫീസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തെന്നും സ്വർണക്കടത്തു കേസിൽ മറ്റു വിഷയങ്ങളും ഉൾപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നൽകാതെ ജലീൽ ഒഴിഞ്ഞുമാറിയെന്ന് ഇ. ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ജലീലിന്‍റെ ചോദ്യം ചെയ്യൽ തൃപ്തികരമായിരുന്നില്ല എന്ന വിവരമാണ് ഇ.ഡിയിൽ നിന്നും ലഭിക്കുന്നത്.

teevandi enkile ennodu para