പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തി. കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം സ്വദേശി എം.ജി. മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു.
ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കശ്യപ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുത്തത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇ.ഡി. പ്രസാദ് നമ്പൂതിരി.
ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പിന് ശേഷമാണ് മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വര്‍മ്മയാണ് മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുത്തത്. ഇരു മേല്‍ശാന്തിമാരും അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും ശബരിമലയിലും മാളികപ്പുറത്തും സേവനമനുഷ്ഠിക്കുക.