പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയ നടപടി കണ്ണില്‍ പൊടിയിടാനെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍ കുമാര്‍. ആക്രമിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയും പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിലെ മര്‍ദിച്ചതില്‍ ഇരുവര്‍ക്കുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
സുനില്‍കുമാറിനെ ക്രൈം ബ്രാഞ്ചിലേക്കും ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയായുമാണ് സ്ഥലം മാറ്റിയത്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിവൈഎസ്പിമാരുടെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കും ട്രാന്‍സ്ഫര്‍ നല്‍കിയതെന്നും ആക്ഷേപമുണ്ട്. നിരവധി യുഡിഎഫ് പ്രവര്‍ത്തകരാണ് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഷാഫി പറമ്പില്‍ എം.പി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന സിപിഎം അക്രമത്തിന് കുടപിടിച്ച് മൗനാനുവാദം നല്‍കുകയായിരുന്നു പോലീസ്. ഈ നടപടിയില്‍ സംസ്ഥാനത്ത് പ്രതിഷേധം അലയടിച്ചിരുന്നു. ഒടുവില്‍ ആഴ്ചകള്‍ക്കു ശേഷമാണ് പേരിനൊരു നടപടി എന്ന നിലയില്‍ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയത്.