കെപിസിസി പ്രസിഡന്‍റിനെതിരായ കള്ളക്കേസ്: സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന DySP റസ്തത്തെ പിരിച്ചുവിടണം; ശക്തമായ താക്കീതായി മടത്തറയിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് | VIDEO

Jaihind Webdesk
Tuesday, June 20, 2023

കൊല്ലം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരായ കള്ളക്കേസില്‍ മൊഴി കൊടുക്കാനായി മോൻസൺ മാവുങ്കലിനെ ഭീഷണിപ്പെടുത്തിയ ഡിവൈഎസ്പി വൈ.ആർ റസ്തത്തിന്‍റെ കൊല്ലം മടത്തറ ഒഴുകുപാറയിലെ വീട്ടിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാന്‍ സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന ഡിവൈഎസ്പിയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷനെ പോക്സോ കേസിൽ കുടുക്കുവാൻ മൊഴി നൽകണമെന്ന് മോൻസൺ മാവുങ്കലിനെ ഭീഷണിപ്പെടുത്തിയ ഡിവൈഎസ്പി വൈ.ആർ റസ്തത്തിന്‍റെ കൊല്ലം ഒഴുകുപാറയിലെ വസതിയിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. സിപിഎമ്മിന്‍റെ പിണിയാളായി പ്രവർത്തിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് മടത്തറയിൽ നിന്നാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം ആരംഭിച്ചത്.

സിപിഎമ്മിന്‍റെ രാഷ്ട്രീയ ചട്ടുകമായി മാറി കെപിസിസി അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കാൻശ്രമിക്കുന്ന ഡിവൈഎസ്പിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് പോലീസ് ശ്രമമെങ്കിൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് മാർച്ചിനെ അഭിസംബോധന ചെയ്ത ബി.എസ് ഷിജു പറഞ്ഞു.

ചിതറ മടത്തറ സ്വദേശിയായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്തത്തിനെതിരെ ഒട്ടനവധി പരാതികൾ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്.

 

https://www.facebook.com/JaihindNewsChannel/videos/1487756122030978/