
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയ കേസില്‍ സസ്പെന്‍ഷനിലായ വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ബലാത്സംഗത്തിന് കേസെടുക്കാതെ ആഭ്യന്തര വകുപ്പ് ഒളിച്ചുകളിക്കുകയാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച ഇരയായ സ്ത്രീയും ഉമേഷ് തന്നെ ബലാത്സംഗം ചെയ്തതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ അതിഗുരുതര വിവരങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് എസ്പി, ഡിജിപിക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരാഴ്ചയായിട്ടും പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് നടപടിയെടുക്കാതെ വൈകിക്കുന്നത് ഭരണകക്ഷി സ്വാധീനം മൂലമാണെന്ന ആരോപണം ശക്തമാണ്.
സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഡിവൈഎസ്പി ഉമേഷ്, ഇടതുപക്ഷ അനുകൂല സംഘടനയായ കേരള പോലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റാണ്. ഗുരുതരമായ സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മറ്റ് വഴിയില്ലാതെ ഡിജിപി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് രണ്ടു ദിവസം മുമ്പ് ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതും ലൈംഗിക ചൂഷണവും സസ്പെന്ഷന് ഉത്തരവില്‍ തന്നെ പറയുന്നുണ്ടെങ്കിലും, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. ഇത് ഉന്നതതല ഇടപെടല്‍ മൂലമാണെന്നും, ഇത്ര ഗുരുതര വിഷയത്തില്‍ നടപടി വൈകുന്നത് ഭരണകക്ഷി സ്വാധീനം അല്ലാതെ മറ്റൊന്നുമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം 16-നാണ് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസ് പോലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തത്. 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലൂടെയാണ് 11 വര്‍ഷം മുമ്പുള്ള ഉമേഷിന്റെ ദുഷ്ചെയ്തികള്‍ പുറത്തുവന്നത്. 2014-ല്‍ ഉമേഷ് വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്ത് അനാശാസ്യത്തിന് പിടിച്ച സ്ത്രീയെ കേസെടുക്കാതെ വിട്ടയച്ച ശേഷം, പിന്നീട് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചു എന്നാണ് ബിനു തോമസ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്. തന്നെ നിര്‍ബന്ധിച്ച് അവരുമായി ബന്ധപ്പെടാന്‍ ഉമേഷ് ആവശ്യപ്പെട്ടെന്നും, സ്ത്രീയെ പിടികൂടിയ വീടിന്റെ ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ബിനു തോമസ് വെളിപ്പെടുത്തിയത് സസ്പെന്ഷന് ഉത്തരവിലും പരാമര്‍ശിക്കുന്നുണ്ട്.
ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് പാലക്കാട് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഈ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമായത്. ഈ അന്വേഷണത്തിനിടെയാണ് അന്ന് പീഡനത്തിന് ഇരയായ സ്ത്രീയും ഉമേഷിനെതിരെ മൊഴി നല്‍കിയത്. കേസില്‍ നിന്ന് ഒഴിവാക്കി നല്കിയ സ്ത്രീയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലൈംഗിക താല്പര്യത്തിനായി ഉപയോഗിച്ചെന്ന വസ്തുത കേരള പോലീസിന്റെ ചരിത്രത്തില്‍ ഇത്രയും പരസ്യമായി പുറത്തുവന്നിട്ടില്ല. എന്നിട്ടും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, രാഷ്ട്രീയ പ്രതിയോഗികളെ കേസെടുത്ത് അകത്താക്കാന്‍ വ്യഗ്രത കാട്ടുകയും താല്പര്യമുള്ളവര്ക്ക് രക്ഷാകവചം ഒരുക്കുകയും ചെയ്യുന്നതിന് ഉത്തമ ഉദാഹരണമാണിതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.