ഷുക്കൂറിനെ കൊന്നത് പാര്‍ട്ടി തന്നെ; വിളിച്ചുപറഞ്ഞ് ഡിവൈഎഫ്‌ഐ; കൊലവിളിയില്‍ വെട്ടിലായി സിപിഎമ്മും കണ്ണൂര്‍ നേതൃത്വവും

Jaihind News Bureau
Tuesday, June 23, 2020

മലപ്പുറം നിലമ്പൂര്‍ മൂത്തേടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കൊലവിളി പ്രകടനത്തില്‍ വെട്ടിലായി സിപിഎമ്മും കണ്ണൂര്‍ നേതൃത്വവും. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെ കൊന്നത് തങ്ങള്‍ തന്നെയെന്ന ധ്വനിയോടെയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റും സെക്രട്ടറിയും നേതൃത്വം നല്‍കിയ പ്രകടനത്തില്‍ ‘ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നായിരുന്നു’ മുദ്രാവാക്യം ഉയര്‍ന്നത്. ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് സമ്മതിക്കുന്നതിനു തുല്യമായിരുന്നു ഡിവൈഎഫ്‌ഐയുടെ മുദ്രാവാക്യം.

സംഭവത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി പി.കെ.ഷഫീഖ്, ബ്ലോക്ക് കമ്മിറ്റി അംഗം ഷബീബ് മനയിൽ, വി.പി.ബെനീഷ് സദർ, ജോഷി താളിപ്പാടം എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം ഷുക്കൂർ വധക്കേസിന്‍റെ വിചാരണ എറണാകുളം സിബിഐ കോടതിയിൽ തുടങ്ങാനിരിക്കുകയാണ്. നേരത്തേ പൊലീസ് നൽകിയ കുറ്റപത്രവും സിബിഐയുടെ കുറ്റപത്രവും ഒന്നിച്ചു പരിഗണിച്ചാണു സിബിഐ കോടതി കുറ്റപത്രം സ്വീകരിച്ചത്.

കേസില്‍ പി.ജയരാജൻ 32ാം പ്രതിയും ടി.വി.രാജേഷ് എംഎൽഎ 33ാം പ്രതിയുമാണ്. സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. ഗൂഢാലോചനക്കുറ്റത്തിനാണ് ഇരുവരെയും പ്രതിചേർത്തിരിക്കുന്നത്.

2012 ഫെബ്രുവരി 20നാണ് അരിയിൽ ഷുക്കൂർ  കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണു കേസ്. പി.ജയരാജനു നേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് അരിയിൽ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഷുക്കൂറിന്റെ കൂടെയുണ്ടായിരുന്ന 2 പേർക്കു ഗുരുതര പരുക്കേറ്റു. 33 പ്രതികളുള്ള കേസിൽ സിപിഎം പ്രവർത്തകനായ കെ.വി.സുമേഷ് ആണ് ഒന്നാം പ്രതി. പ്രതിപ്പട്ടികയിലുള്ള ഒരാൾ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.