പോലീസുകാരെ ആക്രമിച്ച കേസ്; ‘ഒളിവിലായിരുന്ന’ എസ്.എഫ്.ഐ നേതാവ് കീഴടങ്ങി

പൊലീസുകാരെ നഗരമധ്യത്തിൽ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീം കന്‍റോൺമെന്‍റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കീഴടങ്ങിയ നസീമിനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. നസീമിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

മന്ത്രിമാരായ എ.കെ ബാലനും കെ.ടി ജലീലും തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്സിറ്റി കോളേജിൽ പങ്കെടുത്ത പൊതുപരിപാടിയുടെ സദസിൽ നസീം ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസിന്‍റെ നിസംഗതക്കെതിരെ വന്‍ വിമർശനം ഉയർന്നിരുന്നു. ‘ഒളിവിലെന്ന്’ പോലീസ് പറഞ്ഞിരുന്ന പ്രതിയെ കണ്‍മുന്നില്‍ കണ്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കൈകെട്ടി നോക്കിനില്‍ക്കാനേ പോലീസിനായുള്ളൂ. നിരവധി കേസുകളിൽ പ്രതിയായ നസീം അറസ്റ്റിലായാൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതിനാൽ ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് പൊലീസ് സംരക്ഷണം നൽകിയത്. സമ്മര്‍ദം കടുത്തതോടെയാണ് നാടകീയമായ കീഴടങ്ങലുണ്ടായത്.

ഡിസംബർ 12ന് പാളയം യുദ്ധസ്‌മാരകത്തിന് സമീപമായിരുന്നു സംഭവം. നിയമം ലംഘിച്ചതിന് ബൈക്ക് തടഞ്ഞ എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാരെ പത്തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. കേസിലെ പ്രതികളായ ആരോമൽ, ശ്രീജിത്, അഖിൽ, ഹൈദർ എന്നിവർ പൂജപ്പുര സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. നസീം വനിതാമതിൽ ഉൾപ്പെടെയുള്ള സി.പി.എം പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.

policesfinaseem
Comments (0)
Add Comment