ഡിവൈഎഫ്‌ഐ നേതാവ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലാണ് കള്ളവോട്ട് ചെയ്തതായി പരാതി ലഭിച്ചത്. ഇടുക്കി ഡിസിസി നല്‍കിയ പരാതിയിൽ ജില്ലാ കളക്ടറാണ് അന്വേഷണം നടത്തുന്നത്.
ഉടുമ്പൻചോലയിൽ ഡിവൈഎഫ്‌ഐ നേതാവ് കള്ളവോട്ട് ചെയ്‌തെന്ന ഇടുക്കി ഡിസിസി അദ്ധ്യക്ഷന്‍റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ആരോപണ വിധേയനായ ആളെ ഉടൻ ഹിയറിംഗിന് വിളിച്ചു വരുത്തും. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടൊയെന്നും പരിശോധിക്കും. ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ മന്ത്രിഎംഎം മണിയുടെ മണ്ഡലമായ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ 66 നമ്പർ ബൂത്തിൽ ക്രമനമ്പർ 557 വോട്ടറായ രഞ്ജിത് കുമാര്‍ കള്ളവോട്ട് ചെയ്തതായാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. മാവടി ചൈതന്യ പബ്ലിക് ലൈബ്രറിയിലെ 69 നമ്പർ ബൂത്തിലാണ് ഈ ഡിവൈഎഫ്‌ഐ നേതാവ് കള്ളവോട്ട് ചെയ്തത്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് കൃത്രിമമായി സൃഷ്ടിച്ച് നിരവധി കള്ളവോട്ട് രേഖപ്പെടുത്തിയതായി ആരോപണമുണ്ട്. പഞ്ചായത്ത് ഭരണം ദുർവിനിയോഗം നടത്തി വ്യാജ റെസിഡൻഷ്യൻ സർട്ടിഫിക്കറ്റ് നിർമിച്ചാണ് സിപിഎം ന്‍റെ നേതൃത്വത്തിൽ ഇത്തരത്തിൽ കള്ളവോട്ടുകൾ ചെയ്യുന്നത്.