കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍റെ സ്വര്‍ണ്ണമാല മോഷ്ടിച്ച് ഡിവൈഎഫ്ഐ

Jaihind Webdesk
Thursday, January 20, 2022

കണ്ണൂര്‍ : സിൽവർലൈൻ വിശദീകരണ യോ​ഗത്തിനിടെയുണ്ടായ സംഘർഷത്തിൽ മാധ്യമപ്രവർത്തകന്‍റെ സ്വർണ്ണമാല മോഷ്ടിച്ച് ഡിവൈഎഫ്ഐ. ജയ്ഹിന്ദ് ന്യൂസിലെ കണ്ണൂർ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവനുള്ള മാലയാണ് മോഷണം പോയത്. കൊള്ളസംഘത്തിന് സമാനമായ രീതിയിലാണ് സിപിഎം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടതെന്നും ഇതിന് തെളിവാണ് മാല മോഷ്ടിച്ച സംഭവമെന്നും  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു.

പി ജയരാജന്‍റെ ഗൺമാൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജിർ, കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ്‌ പിപി ഷാജിർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു അക്രമണം നടന്നത്. പോലീസ് നോക്കിനിൽക്കെയായിരുന്നു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രതിഷേധം ചിത്രികരിക്കുന്നതിനിടെ ജയ്ഹിന്ദ് ന്യൂസ് വാർത്താ സംഘത്തിന് നേരെ അതിക്രൂരമായ ആക്രമണമാണ് ഡിവൈഎഫ് ഐ പ്രവർത്തകർ നടത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജിറിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമം. ജയ്ഹിന്ദ് ന്യൂസ് കണ്ണൂരിലെ ഡ്രൈവറായ മനീഷ് കൊറ്റാളിയെ മർദ്ദിച്ചു. മനേഷ് കൊറ്റാളിയുടെ രണ്ടര പവന്‍റെ സ്വർണ്ണമാല അക്രമികൾ തട്ടിയെടുത്തു. ജയ് ഹിന്ദ് ന്യൂസ് റീജിനൽ ചീഫ് ധനിത്ത് ലാലിനെയും കയ്യേറ്റം ചെയ്തു.

കണ്ണൂരിൽ സിൽവർലൈൻ റെയിൽ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ഡിവൈഎഫ്ഐ ക്രിമിനലുകൾ ആക്രമിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്‍റ്‌ സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, ജില്ലാ സെക്രട്ടറി പ്രിനിൽ മതുക്കോത്ത്‌, യഹിയ, ജെറിൻ ആന്‍റണി തുടങ്ങിയവർക്ക് സാരമായി പരിക്കേറ്റു.