‘അരിയിൽ ഷുക്കൂറിന്‍റെ ഗതി വരും, കയ്യും കാലും വെട്ടിയരിഞ്ഞ് പാണക്കാട്ടെ വീട്ടിലേക്ക് പാഴ്സൽ അയക്കും’; എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ

Jaihind Webdesk
Friday, October 11, 2024

 

കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്‍റ് കോളേജിൽ തിരഞ്ഞെടുപ്പിന് ശേഷം ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം. യുഡിഎസ്എഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് അരിയിൽ ഷുക്കൂറിന്‍റെ ഗതി വരും എന്നായിരുന്നു മുദ്രാവാക്യം. യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി അഞ്ചു സീറ്റുകൾ യുഡിഎസ്എഫ് വിജയിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. എസ്എഫ്ഐക്ക് സ്വാധീനമുള്ള കോളജിൽ ചരിത്രത്തിൽ ആദ്യമായാണ് യുയുസി അടക്കമുള്ള അഞ്ച് സീറ്റുകളിൽ യുഡിഎസ്എഫ് വിജയിച്ചത്.

കയ്യും കാലും വെട്ടിയരിഞ്ഞ് പാണക്കാട്ടെ വീട്ടിലേക്ക് പാഴ്സൽ അയച്ചു കളയുമെന്ന കൊലവിളി മുദ്രാവാക്യവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഴക്കുന്നത് വീഡിയോയിലുണ്ട്. സംഘര്‍ഷത്തിൽ ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രകോപന മുദ്രാവാക്യം വിളി. പി.ജയരാജന്‍റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സിപിഎം പ്രവർത്തകർ ചേർന്ന് തടങ്കലിൽ വച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്.