നവകേരള സദസ് ജനങ്ങള്‍ക്കു വേണ്ടിയെന്ന് മുഖ്യമന്ത്രി, അല്ലെന്ന് മുഖത്തുനോക്കി വിളിച്ചു പറഞ്ഞ് യുവാവ്; ഡിവൈഎഫ്ഐയുടെ ‘രക്ഷാപ്രവർത്തനത്തില്‍’ യുവാവിന് ഗുരുതര പരിക്ക്

Jaihind Webdesk
Tuesday, December 19, 2023

 

കൊല്ലം: നവകേരള സദസിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ യുവാവിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ വേദിക്ക് മുന്നിലേക്കെത്തിയ യുവാവിനെയാണ് ഡിവൈഎഫ്ഐ ഗുണ്ടകള്‍ തല്ലിച്ചതച്ചത്. പുനലൂർ നരിക്കൽ മൈലമൂട്ടിൽ തടത്തിൽ വീട്ടിൽ ഹരിലാലിനെയാണ് പോലീസ് നോക്കിനില്‍ക്കെ പാർട്ടി ഗുണ്ടകള്‍ മർദ്ദിച്ചത്.

പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടു നിൽക്കെ കനത്ത പോലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു യുവാവ് വേദിക്കു മുന്നിലെത്തുകയായിരുന്നു. പോലീസ് ഇയാളെ പിടികൂടിയെങ്കിലും ഡിവൈഎഫ്ഐ സംഘം വളഞ്ഞിട്ടു മർദ്ദിച്ചു. നവകേരള സദസ് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ അല്ല എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് യുവാവ് വേദിക്ക് മുന്നിലെത്തിയത്. ഇതോടെ മുഖ്യമന്ത്രിയുടെ ശബ്ദം പതറിയെങ്കിലും പ്രസംഗം തുടർന്നു.

“ഈ പരിപാടി ഏതെങ്കിലും മുന്നണികൾക്ക് എതിരല്ല. ഈ പരിപാടി ഏതെങ്കിലും മുന്നണികൾക്ക് അനുകൂലമോ അല്ല. നാടിനു വേണ്ടിയാണ്. ഈ പരിപാടി ജനങ്ങൾക്ക് വേണ്ടിയാണ്. നമ്മുടെ ഭാവിക്കു വേണ്ടിയാണ്” – മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മറുപടിയായി ‘അല്ല… അല്ല…’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഹരിലാൽ വേദിക്കു മുന്നിലെത്തുകയായിരുന്നു. ഇതോടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പരിപാടി നടന്ന ചെമ്മന്തൂർ സ്റ്റേഡിയത്തിനു പിൻഭാഗത്തെ റോഡിലേക്കു കൊണ്ടുപോയി. ഇവിടെവെച്ച് ഡിവൈഎഫ്ഐ ഗുണ്ടാ സംഘം ഹരിലാലിനെ നിലത്തിട്ട് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.