തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയുടെ തല തല്ലിപ്പൊളിച്ച എസ്‌ഐയുടെ സിപിഎം ബന്ധം ചർച്ചയാകുന്നു. കന്‍റോണ്‍മെന്‍റ് എസ്‌ഐ ജിജുവിന്‍റെ രാഷ്‌ട്രീയ ബന്ധമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുകൊണ്ടുവന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ എസ്‌ഐ ജിജുവിന്‍റെ നേതൃത്വത്തിൽ പോലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചിരുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിനും പോലീസിന്‍റെ മൃഗീയമായ മർദ്ദനം ഏറ്റിരുന്നു. തലയ്‌ക്ക് പരുക്കേറ്റ അബിൻ വർക്കി പോലീസിനെ മാറ്റാതെ സ്ഥലത്ത് നിന്ന് മാറില്ലെന്ന് പറഞ്ഞു. ചോര വാർന്ന നിലയില്‍ പ്രതിഷേധവുമായി റോഡില്‍ തുടരുന്നതിനിടയിലാണ് എസ്‌ഐ ഡിവൈഎഫ്‌ഐക്കാരനാണെന്ന് അബിൻ വർക്കി ആരോപിച്ചത്.
‘ഇപ്പോ ഫേസ്ബുക്കില്‍ കയറി നോക്കണം, അവന്‍റെ മെയിൻ പണി ഇവിടുത്തെ ഡിവൈഎഫ്‌ഐക്കാരുടെ കൂടെ ചുറ്റിക്കറങ്ങി നടക്കലാണ്. എന്നിട്ട് യൂത്ത് കോണ്‍ഗ്രസുകാരെ അക്രമിക്കുകയാണ്. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൂടെ ബുളളറ്റില്‍ കറങ്ങി നടന്ന് ഫോട്ടോ എടുക്കലാണ് അവന്‍റെ പണി. കേരള പോലീസിലെ ഉദ്യോഗസ്ഥന്‍റെ പണിയാണോ ഇത്. എഡിജിപി അജിത് കുമാറിന്‍റെയും പിണറായിയുടെയും സംരക്ഷണം എന്നും ഉണ്ടാകുമെന്നാണോ അവനൊക്കെ വിചാരിച്ചതെന്നും അബിൻ വർക്കി ചോദിച്ചു.