മാരക ലഹരിവസ്തുക്കളുമായി പന്തളത്ത് ഡിവൈഎഫ്ഐ നേതാക്കള്‍ പിടിയില്‍

Jaihind Webdesk
Sunday, July 31, 2022

പത്തനംതിട്ട: പന്തളത്ത് മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാക്കൾ ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയിൽ. ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി രാഹുൽ, പ്രാദേശിക നേതാക്കന്മാരായ ആര്യൻ, സജിൻ, വിധു കൃഷ്ണന്‍ എന്നിവരെയാണ് പന്തളം പോലീസ് പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരു യുവതിയും പിടിയിലായി. അന്വേഷണം ഊർജിതമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

ഇതിൽ രാഹുൽ ഡിവൈഎഫ്ഐയുടെ പറക്കോട് മേഖലാ കമ്മറ്റിയംഗമാണ്. ആര്യൻ ഡിവൈഎഫ്ഐ പെരിങ്ങനാട് വായനശാലാ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയും സജിൻ കൊടുമണിലെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവർത്തകനുമാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘം ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് എംഡിഎംഎയ്ക്ക് പുറമെ പായ്ക്കറ്റ് കണക്കിന് കോണ്ടവും ലൈം​ഗിക ഉത്തേജക മരുന്നുകളും കണ്ടെത്തി.  സംസ്ഥാനത്ത് ഉയർന്ന അളവിൽ എംഡിഎംഎ എന്ന സിന്തറ്റിക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയ സംഘത്തെയാണ് പന്തളത്ത് പിടികൂടിയത് എന്ന് എസ്.പി സ്വപ്‌നിൽ മധുകർ മഹാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പിടികൂടിയ 155.9 ഗ്രാം എംഡിഎംഎയ്ക്ക് വിപണി വില 12 ലക്ഷം രൂപ വിലവരും. ഇത് ചില്ലറ വിൽപ്പന നടത്തുമ്പോൾ 25 ലക്ഷത്തിലധികം രൂപ ലഭിക്കും. ലഹരിമരുന്ന് ചെറിയ പായ്ക്കറ്റുകളാക്കി വിൽക്കുന്നതിന് കരുതിയിരുന്ന വെയിംഗ് മെഷീൻ പ്രതികളിൽ നിന്നും കണ്ടെടുത്തു. മുഖ്യ പ്രതി രാഹുൽ ആണ് എംഡിഎംഎ വാങ്ങുന്നതിന് പണം മുടക്കിയതെന്നും ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജില്ലയിൽ സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗത്തിന് എതിരായ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ പോലീസ് മുൻകൈ എടുക്കും. കൂടാതെ സ്കൂൾ കോളേജ് പരിസരങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കുമെന്നും എസ്പി പറഞ്ഞു. ലഹരിമരുന്നിന്‍റെ ഉറവിടം അന്വേഷിക്കുന്നതിനായി അടൂർ ഡിവൈഎസ്പി ആർ ബിനുവിന്‍റെ നേതൃത്വത്തിൽ പന്തളം എസ്എച്ച്ഒ ആർ ശ്രീകുമാർ ഉൾപ്പെട്ട പ്രത്യേക സംഘം അന്വേഷിക്കും.