എസ്പിസി പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് ഡിവൈഎഫ്‌ഐ നേതാവ്; ചട്ടലംഘനത്തിന് പരാതി നല്‍കി കെഎസ്‌യു

 

പാലക്കാട് : സ്റ്റുഡന്‍റ്‌സ് പോലീസ് കേഡറ്റ് പാസിംഗ്ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചത് ഡിവൈഎഫ്‌ഐ നേതാവ്. ഗുരുതര നിയമലംഘനത്തിനെതിരെ കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റി പോലീസിനും കളക്ടർക്കും പരാതി നൽകി. അർഹത ഇല്ലാത്ത അംഗീകാരങ്ങൾ ഇരന്നു വാങ്ങുകയാണ് ഡിവൈഎഫ്ഐ എന്നും പൊതുജനത്തെ കബളിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കെഎസ്‌യു വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് (എസ്പിസി) പാസിംഗ് ഔട്ട് പരേഡിലാണ് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെ.സി റിയാസുദീൻ സല്യൂട്ട് സ്വീകരിച്ചത്. യുവജനക്ഷേമ ബോർഡ് പാലക്കാട് ജില്ലാ കോർഡിനേറ്റർ കൂടിയാണ് ഇയാൾ. വിദ്യാലയത്തിലെ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡന്‍റ് എന്നിവരിലാരെങ്കിലുമാണ് പരേഡില്‍ സല്യൂട്ട് സ്വീകരിക്കേണ്ടത്.  ഇവരല്ലെങ്കിൽ എസ്ഐയോ എസ്ഐ  റാങ്കിന് മുകളിൽ ഉള്ള ഉദ്യോഗസ്ഥരോ റിട്ടയേർഡ് ജഡ്ജിമാർക്കോ  സല്യൂട്ട് സ്വീകരിക്കാമെന്നാണ് ചട്ടം. എന്നാല്‍ ഈ നിയമം കാറ്റില്‍പറത്തിയാണ് ഡിവൈഎഫ്ഐ നേതാവ് സല്യൂട്ട് സ്വീകരിച്ചത്.

എസ്പിസി മാനദണ്ഡങ്ങൾ പാലിക്കാതെ പാസിംഗ് ഔട്ട് പരേഡ് നടത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. നിയമലംഘനത്തിനെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റി  ശക്തമായ പ്രതിഷേധം രേഖപെടുത്തി.  നിയമപരമായും രാഷ്ട്രീയപരമായും ചട്ടലംഘനത്തെ നേരിടുമെന്ന് കെഎസ്‌യു അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട്‌ എസ്പിക്കും ജില്ലാ കളക്ടർക്കും കെഎസ്‌യു ജില്ലാ കമ്മിറ്റി പരാതി സമർപ്പിച്ചിട്ടുണ്ട്.

Comments (0)
Add Comment