പീഡനക്കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

Jaihind News Bureau
Saturday, May 4, 2019

വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ മറ്റത്തൂർ മേഖലാ സെക്രട്ടറി മറ്റത്തൂർ മാണപ്പുള്ളി ശ്രീകാന്ത് (24) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നിർദേശത്തെ തുടർന്ന് കൊരട്ടി എസ്ഐ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ്‌ ചെയ്തു.

മുൻപരിചയം മുതലെടുത്ത് 2016 മുതൽ വീട്ടമ്മയെ ഇയാള് പല തവണ പീഡിപ്പിച്ചതായാണ് പരാതി. രണ്ടുദിവസം മുമ്പാണ് യുവതി പരാതി നൽകിയത്. പരാതി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പൊലീസ് പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ പരാതിയിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു.

വര്‍ഷങ്ങളായി ശ്രീകാന്തുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും വാട്‌സാപ്പ് ചാറ്റിലൂടേയും മറ്റും പരിചയം തുടര്‍ന്ന ശ്രീകാന്ത് യുവതിയുടെ വീട്ടിലും സന്ദർശകനായിരുന്നു. ഈ പരിചയം പിന്നീട് മുതലെടുത്ത് ഭീഷണിപ്പെടുത്തി ശ്രീകാന്ത് നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതി കൊരട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.