ഹെൽമറ്റ് ധരിക്കാത്ത ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തി; മൂന്ന് പോലീസുകാര്‍ക്ക് സ്ഥലം മാറ്റം

Jaihind Webdesk
Thursday, August 24, 2023

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാത്ത ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തുകയും ഇതിൽ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം.

പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവർ എം.മിഥുൻ എന്നിവരെയാണ് സ്ഥലംമാറ്റിയത്. എസ്ഐമാരെ ക്രമസമാധാനച്ചുമതലയിൽ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആർ ക്യാംപിലേക്കും മാറ്റി കമ്മിഷണർ ഉത്തരവിട്ടു.
സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയുടെ സമ്മർദത്തിനു വഴങ്ങിയുള്ള സർക്കാർ നടപടിയിൽ പൊലീസിനുള്ളിൽ അമർഷം ശക്തമാണ്. ഉദ്യോഗസ്ഥരുടെ വാദം കേൾക്കാതെ സിപിഎം നേതാക്കളുടെ നിർദേശത്തോടെ  നടപടി നടപ്പാക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.

അതേസമയം, കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച്ച രാത്രി രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ അല്‍പ്പസമയത്തിനു മുന്‍പാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ അക്രമ സംഘത്തിലുണ്ടായിരുന്ന സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെ പേരുകളുമില്ല.