ഡിവൈഎഫ്ഐ നേതാവ് പോലീസ് ജീപ്പ് തകർത്ത സംഭവം; പ്രതി രക്ഷപ്പെട്ടു, അറസ്റ്റ് സിപിഎം തടഞ്ഞു

Jaihind Webdesk
Friday, December 22, 2023

തൃശൂർ: ചാലക്കുടിയിൽ പോലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ‍ഡിവൈഎഫ്ഐ നേതാവ് രക്ഷപ്പെട്ടു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിന്‍റെ നേതൃത്വത്തിലാണ് പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. നിധിന്‍റെ അറസ്റ്റ് തടഞ്ഞ് സിപിഎം രംഗത്തെത്തിയിരുന്നു.  ബലം പ്രയോ​ഗിച്ചാണ് പോലീസ് ഇയാളെ കസ്റ്റ‍ഡിയിലെടുത്തത്. എന്നാൽ കസ്റ്റഡിയിൽ നിന്നും നിധിൻ രക്ഷപ്പെട്ടു.

സംഭവം ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയായിരുന്നു. വിജയാഹ്ലാദത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് പോലീസ് ജീപ്പിന്‍റെ മുൻവശത്തെ കണ്ണാടി അടിച്ചു തകര്‍ത്തത്. പിന്നീട് പ്രതിയെ പോലീസ് ബലം കസ്റ്റഡിയിലെടുത്തു. പോലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളിൽ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഐ ടി ഐക്ക് മുന്നിലെ കൊടിതോരണങ്ങൾ പോലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.