ഡിവൈഎഫ്ഐ ഗുണ്ടാസംഘമായി അധഃപതിച്ചു; സംസ്ഥാനത്തെ ദുർഭരണത്തിനെതിരെ സമരം ശക്തമാക്കും: രാഹുൽ മാങ്കൂട്ടത്തിൽ

Jaihind Webdesk
Thursday, December 7, 2023

 

ആലപ്പുഴ: പിണറായി ഭരണത്തിലെ ധൂർത്തിനും അഴിമതികൾക്കും എതിരെ പ്രതികരിക്കുന്നവരെ അക്രമിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ഡിവൈഎഫ്ഐ നടത്തുന്ന ഏക രാഷ്ട്രീയ പ്രവർത്തനമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ്‌ രാഹുൽ മാങ്കൂട്ടത്തിൽ.  പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഡംബര വാഹനത്തിൽ എത്ര പോലീസ് വലയത്തിൽ സഞ്ചാരിച്ചാലും നാട്ടിലെ മുഴുവൻ ഡിവൈഎഫ്ഐ – സിപിഎം ഗുണ്ടകളും കാവൽ നിന്നാലും ജനവിരുദ്ധ നയങ്ങൾ തിരുത്താത്തിടത്തോളം പിണറായിക്ക് കേരളം മുഴുവൻ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. സംസ്ഥാനമൊട്ടാകെ സ്ത്രീധന വിപത്തിന് എതിരെ യൂത്ത് കോൺഗ്രസ്‌ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. ആധുനിക കാലത്തിന് അപമാനമായ സ്ത്രീധന വിപത്തിന് എതിരെ ‘ഹൃദയപാതിക്ക് വിലയിടരുത്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി പ്രചാരണം സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസമുള്ള വരും സാമൂഹിക പദവികൾ വഹിക്കുന്നവരുമായവർ പോലും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന സാമൂഹിക സാഹചര്യം അവസാനിപ്പിക്കാൻ കർശനമായ നിയമ നടപടികൾ മാത്രമല്ല വിപുലമായ സാമൂഹിക പ്രചാരണവും അവശ്യമാണെന്നും അതിന്‍റെ ഉത്തരവാദിത്വം ഓരോ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും കമ്മിറ്റികളും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ എം.പി. പ്രവീണിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസിന്‍റെ പുതിയ ജില്ലാ കമ്മിറ്റി അധികാരമേറ്റു. സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ സമരം ചെയ്തു വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനുണ്ട്. കേരളത്തെ നശിപ്പിച്ച ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ ഭരണം അവസാനിക്കുന്നതുവരെ യൂത്ത് കോൺഗ്രസ് സമരമുഖത്ത് ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.