പഞ്ചായത്തിന്‍റെ അനുമതിയോടെ വീടുപണി ; പിന്നാലെ തറ പൊളിച്ച് കൊടി നാട്ടി ഡിവൈഎഫ്ഐ, പരാതി

Jaihind Webdesk
Saturday, April 17, 2021

 

കാസർഗോഡ് : പഞ്ചായത്തിന്‍റെ അനുമതിയോടെ നിർമാണം തുടങ്ങിയ വീടിന്‍റെ തറ പൊളിച്ച് കൊടി നാട്ടി ഡിവൈഎഫ്ഐയുടെ അതിക്രമം. കാഞ്ഞങ്ങാട് അജാനൂർ ഗ്രാമപ്പഞ്ചായത്തിലെ ഇട്ടമ്മൽ ചാലിയം നായില്‍ വി.എം റാസിഖിന്‍റെ വീടുപണിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടസപ്പെടുത്തിയത്. സി.പി.എമ്മാണ് അജാനൂർ പഞ്ചായത്ത് ഭരിക്കുന്നത്.

റാസിഖിന്‍റെ പേരിലുള്ള 10 സെന്‍റ് സ്ഥലത്താണ് പഞ്ചായത്തിന്‍റെ അനുമതിയോടെ വീട് നിർമാണം ആരംഭിച്ചത്.  കഴിഞ്ഞ ഫെബ്രുവരിയിലാണ് വീട്‌ നിർമാണത്തിന് അജാനൂർ പഞ്ചായത്ത് അനുമതി നൽകിയത്. തുടർന്ന് ഏപ്രില്‍ എട്ടോടെ വീടിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. തറ കെട്ടുകയും സമീപത്തായി ഷെഡ് നിർമിക്കുകയും ചെയ്തു. വീടിന്‍റെ തറയും മീപത്തെ ഷെഡും ഒരു സംഘം എത്തി നശിപ്പിക്കുകയായിരുന്നു. നിർമാണ പ്രദേശത്തേക്കുള്ള വഴിയും ഇവർ കല്ലുകള്‍ നിരത്തി അടച്ചു. അതേസമയം കൊടി നാട്ടിയത് വയല്‍ ഭൂമിയായതിനാലാണ് എന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ വിശദീകരണം.

മുസ്‌ലിം ലീഗ് പ്രവർത്തകൻ അഷറഫ് കൊളവയലിന്‍റെ സഹോദരനാണ് വി.എം റാസിഖ്. പഴ കച്ചവടം നടത്തിയാണ് റാസിഖ് ഉപജീവനം നടത്തുന്നത്. റാസിഖിന്‍റെ പരാതിയില്‍ ഹൊസ് ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.