ക്രിമിനല്‍ മാഫിയാ ബന്ധങ്ങളും വിഭാഗീയതയും തുറന്നുപറഞ്ഞ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം

Jaihind Webdesk
Sunday, March 20, 2022

പത്തനംതിട്ട: സിപിഎമ്മിലേതുപോലെ ഡിവൈഎഫ്ഐയിലും വിഭാഗീയത ശക്തമാകുന്നതായി സംസ്ഥാന സമ്മേളനത്തില്‍ വിമർശനം.  ഡിവൈഎഫ്ഐയുടെ ക്രിമിനല്‍ മാഫിയാ ബന്ധങ്ങള്‍ സംബന്ധിച്ച തുറന്നുപറച്ചിലും യോഗത്തിലുണ്ടായി. ആഭ്യന്തര വകുപ്പിന് നേരെയും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനമുയർന്നു.

പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ സിപിഎമ്മിന്‍റെ ചുവടുപിടിച്ച് ഡിവൈഎഫ്ഐയിലും വിഭാഗീയത ശക്തമായതായി പ്രതിനിധികൾ ആരോപിച്ചു. തിരുവല്ലയിൽ വിഭാഗീയതയുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയർന്നു. റീസൈക്കിൾ കേരള ദുരിതാശ്വാസ ഫണ്ടിൽ വലിയ അഴിമതിയാണ് നടന്നത്. കൃത്യതയുള്ള കണക്ക് അവതരിപ്പിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് വലിയ പരാജയമാണന്ന് സമ്മേളനത്തിൽ പ്രതിനിധികൾ ആരോപിച്ചു. ഡിവൈഎഫ്ഐ നേതാക്കളെ പോലും പോലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. പിന്നെ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും ചോദ്യമുയർന്നു.

കെ റെയിൽ വിഷയത്തിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കുവാൻ കഴിയാത്തത് പോരായ്മയാണെന്ന് വിമർശനമുണ്ടായി. പല ജില്ലയിലും മണ്ണ് മാഫിയയ്ക്കും ക്രിമിനൽ സംഘങ്ങൾക്കും എസ്കോർട്ട് പോകുന്നവരായി ഡിവൈഎഫ്ഐ മാറുന്നു എന്ന വിമർശനവും പ്രതിനിധികൾ ഉന്നയിച്ചു. വിഭാഗീയ പ്രവർത്തനങ്ങളും ഡിവൈഎഫ്ഐയുടെ ക്രിമിനൽ മാഫിയാ ബന്ധങ്ങളും തുറന്നുപറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ആദ്യ ദിനം അവസാനിച്ചത്.