പോലീസിൻറെ ഷൂട്ടിംഗ് പരിശീലനത്തിനിടെ ബുള്ളറ്റ് ദിശ തെറ്റി വീട്ടിലെ ജനൽ ചില്ലില്‍ പതിച്ചു; സംഭവം കോട്ടയത്ത്

Jaihind Webdesk
Sunday, September 24, 2023

കോട്ടയം : നാട്ടകം പോളി ടെക്നിക്കിന് സമീപം പോലീസിൻറെ ഷൂട്ടിംഗ് പരിശീലനത്തിനിടെ വീട്ടിലെ ജനൽ ചില്ലിലേക്ക് ബുള്ളറ്റ് വന്നു പതിച്ചു. നാട്ടകം ബിന്ദു നഗറിൽ വെടിവെപ്പ് പരിശീലന കേന്ദ്രത്തിനു സമീപം സോണിയുടെ വീടിന്റെ ജനലിലേക്കാണ് ബുള്ളറ്റ് പതിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

ഇന്നലെ രാവിലെ 10:30 ന് ആയിരുന്നു സംഭവം. നാട്ടകം പോളിടെക്നിക് സമീപം പോലീസ് ഉദ്യോഗസ്ഥർ ഷൂട്ടിംഗ് പരിശീലനം നടത്തുകയായിരുന്നു, ഈ സമയം ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയായ അൽക്ക സോണി വീട്ടിലെ മുറിയിൽ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ഒരു ശബ്ദം കേട്ടതിനെ തുടർന്ന് കുട്ടി അമ്മയെ വിളിക്കുകയും തുടർന്ന് നോക്കിയപ്പോഴാണ് ജനൽ ചില്ല് പൊട്ടി ബുള്ളറ്റ് മുറിക്കുള്ളിൽ കിടക്കുന്നത് കണ്ടത്.

സംഭവത്തെ തുടർന്ന് ഇവർ ചിങ്ങവനം പോലീസിൽ വിവരം അറിയിക്കുകയും, പോലീസ് ഉടൻ സ്ഥലത്തെത്തുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ ബുള്ളറ്റ് ഒരു കല്ലിൽ തട്ടി ദിശ മാറി വന്നതാണെന്നാണ് നിഗമനം. ഇതിനു മുൻപും പരിശീലനത്തെ തുടർന്ന് മതിൽ ഇടിഞ്ഞു വീണ സംഭവം ഉണ്ടായിട്ടുണ്ട്. പിന്നീട് രണ്ട് വർഷത്തിന് ശേഷം ഇന്നലെ പരിശീലനം പുനരാരംഭിക്കുകയായിരുന്നു. അതേസമയം, ഷൂട്ടിംഗ് പരിശീലനം തുടർച്ചയായി നടക്കുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.

ഈ പ്രദേശത്ത് കുഞ്ഞു കുട്ടികൾ അടക്കം ഉള്ളതിനാൽ നാട്ടുകാർക്ക് എല്ലാം അവിടെ പരിശീലനം നടക്കുന്നതിനോട് കടുത്ത എതിർപ്പാണ്.  ഇത്തരത്തിൽ ഷൂട്ടിംഗ് പരിശീലനം നടക്കുന്ന കാര്യം സൂചിപ്പിച്ചിട്ട് പോലുമില്ലെന്ന് നാട്ടുകാർ പറഞ്ഞു.