കൊവിഡ് കാലത്ത് കുടുംബസമേതം വിനോദയാത്രയ്ക്ക് ഒരുങ്ങി ചീഫ് സെക്രട്ടറി; യാത്രാനുമതിയുടെ ഉത്തരവ് ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Sunday, September 13, 2020

 

തിരുവനന്തപുരം: കൊവിഡ് കാലത്ത് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കുടുംബസമേതം വിനോദയാത്രയ്ക്ക് ഒരുങ്ങുന്നു. 10 ദിവസത്തേക്കാണ് ചീഫ് സെക്രട്ടറിക്ക് എൽ.റ്റി.സി യാത്രാ അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ ഉത്തരവിന്‍റെ  പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

രോഗവ്യാപനം രൂക്ഷമാകുന്നതിനിടെയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കുടുംബസമേതം 10 ദിവസം അവധിയെടുത്ത് സർക്കാർ ചെലവിൽ കൊൽക്കത്തയിലേക്ക് പോകുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചീഫ് സെക്രട്ടറി തന്നെ അവധിയെടുത്ത് പോകുന്നത് വിവാദമാവുകയാണ്. നവംബർ 16 മുതൽ 28 വരെയാണ് ചീഫ് സെക്രട്ടറിയുടെ കുടുംബസമേതമുള്ള യാത്ര. കൊവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും അവധി മരവിപ്പിച്ചതിന് പിന്നാലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ അവധിയെടുത്ത് പോകുന്നതിൽ ഉദ്യോഗസ്ഥർക്കിടയിലും അമർഷമുണ്ട്.

വരും ദിവസങ്ങളിൽ നിർണായകമായ നിരവധി യോഗങ്ങൾ നടക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി കുടുംബസമേതം ഉല്ലാസ യാത്രയ്ക്ക് ഒരുങ്ങുന്നത്. സർക്കാരിനും മുഖ്യമന്ത്രിക്കും ഏറെ പ്രിയങ്കരനായിരുന്ന ചീഫ് സെക്രട്ടറി പമ്പ മണൽക്കടത്തിൽ സർക്കാരിന് വേണ്ടി വഴിവിട്ട ഇടപെടലുകൾ നടത്തിയത് വിവാദമായിരുന്നു. സെക്രട്ടറിയേറ്റിലെ പ്രധാനപ്പെട്ട സെക്ഷനിൽ തീപിടിത്തമുണ്ടായപ്പോൾ മാധ്യമങ്ങളെയടക്കം പുറത്താക്കാനും ജനപ്രതിനിധികളെ തടഞ്ഞുവെക്കാനും ചീഫ് സെക്രട്ടറി മുന്നിട്ടിറങ്ങിയിരുന്നു. ഈ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപാണ് സർക്കാർ ചീഫ് സെക്രട്ടറിക്ക് ഉല്ലാസയാത്രയ്ക്ക് അനുമതി നൽകി കൊണ്ട് വീണ്ടുമൊരു വിവാദത്തിന് വഴിതെളിക്കുന്നത്.