വിവാദങ്ങള്‍ക്കിടെ ശ്രീ എമ്മിന് ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

Jaihind News Bureau
Thursday, March 4, 2021

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ സത്സംഗ് ഫൗണ്ടേഷന്‍ സാരഥിയും സംഘപരിവാർ സഹയാത്രികനുമായ ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രതിവര്‍ഷം 34 ലക്ഷം രൂപ പാട്ടത്തിന് 10 വര്‍ഷത്തേക്കാണ് ഭൂമി അനുവദിച്ചത്. കമ്പോള വിലയുടെ രണ്ട് ശതമാനം പാട്ട നിരക്ക് നിശ്ചയിച്ചുകൊണ്ടാണ് 17.5 കോടി രൂപ  മതിപ്പുവിലയുള്ള ഭൂമി ശ്രീ എമ്മിന് അനുവദിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

സത്സംഗിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഭൂമി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന ഹൗസിംഗ് ബോര്‍ഡിന്‍റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം ചെറുവയ്ക്കല്‍ വില്ലേജിലുള്ള ഭൂമിയാണ് പ്രതിവര്‍ഷം 34,96,853 രൂപ പാട്ടത്തിന് നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷം കൂടുമ്പോള്‍ പാട്ടം പുതുക്കണം, ഭൂമിയിലെ മരങ്ങള്‍ മുറിക്കരുത് തുടങ്ങിവയാണ് പ്രധാന വ്യവസ്ഥകള്‍. സത്സംഗ് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഭൂമി അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഭൂമിയുടെ മതിപ്പ് വിലയായി കണക്കാക്കിയിരുന്നത് 17.5 കോടി രൂപ. പത്ത് വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്‍റെ അജണ്ടയ്ക്ക് പുറത്തായിട്ടാണ് ഭൂമി നല്‍കുന്ന കാര്യം പരിഗണിച്ചത്. യോഗ സെന്‍റര്‍ തുടങ്ങുന്നതിന് വേണ്ടിയാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. അല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താനും സമാധാനാന്തരീക്ഷം സ്ഥാപിക്കാനുമായി സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ തമ്മില്‍ ശ്രീ എമ്മിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതായുള്ള വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇക്കാര്യം ശ്രീ  എം തന്നെ സ്ഥിരീകരിച്ചിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ അനുമതിയോടെയായിരുന്നു ചര്‍ച്ച. മധ്യസ്ഥ ചര്‍ച്ചയില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ആര്‍എസ്എസില്‍ നിന്നും ഗോപാലന്‍ കുട്ടി മാസ്റ്ററും, വത്സന്‍ തില്ലങ്കരിയും പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചര്‍ച്ച നടന്നത്. അതിന് ശേഷം പിന്നീട് മൂന്നുതവണ ഇരുക്കൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തി.മധ്യസ്ഥനായി പ്രവര്‍ത്തിച്ചതിന്‍റെ പ്രതിഫലമായാണ് ശ്രീ എമ്മിന്‍റെ സ്ഥാപനത്തിന് ഭൂമി അനുവദിച്ചത് എന്നും ആരോപണം ഉയര്‍ന്നിരുന്നു.