മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന്‍റെ ശബ്ദം തടസപ്പെട്ടു; കേസെടുത്ത് പോലീസ്, വിചിത്ര നടപടി

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന്‍റെ ശബ്ദം തടസപ്പെട്ടെന്ന് കാട്ടി കേസെടുത്ത് പോലീസിന്‍റെ വിചിത്ര നടപടി. ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനെത്തിയപ്പോൾ മൈക്കിന്‍റെ ശബ്ദം തടസപ്പെട്ടതിലാണ് കേസെടുത്തിരിക്കുന്നത്. കെപിസിസിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച അയ്യങ്കാളി ഹാളിലായിരുന്നു ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചത്. കന്‍റോണ്‍മെന്‍റ് പോലീസ് സ്വമേധയാ എടുത്തിരിക്കുന്ന കേസില്‍ ആരെയും പ്രതി ചേർത്തിട്ടില്ല.

കേരളാ പോലീസ് ആക്ട് പ്രകാരം 118 ഇ എന്ന വകുപ്പിലാണ് കേസ്. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ, പൊതുസുരക്ഷയെ പരാജയപ്പെടുത്തുന്നതുമായ എതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യുന്നു എന്നതാണ് ഈ വകുപ്പ്. കേസുമായി ബന്ധപ്പെട്ട് മൈക്കും കേബിളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് പരിശോധനയ്ക്ക് വിധേയമാക്കും.

പോലീസിന്‍റെ വിചിത്ര നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.  കേസെടുത്തത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി പറഞ്ഞു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരിഹാസം. പോലീസിന്‍റെ വിചിത്ര നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും പരിഹാസം ഉയരുന്നുണ്ട്.

Comments (0)
Add Comment