ഇത് മമ്മൂട്ടി-ജയസൂര്യ താര പുത്രന്മാരുടെ ‘ഒരു സര്‍ബത്ത് കഥ’

Tuesday, October 1, 2019

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെയും യുവ സൂപ്പര്‍സ്റ്റാര്‍ ജയസൂര്യയുടെയും മക്കള്‍ ഒന്നിച്ച് ഒരു പുതിയ തുടക്കമിട്ടിരിക്കുന്നു. അത് കൊച്ചിയില്‍ ‘ഒരു സര്‍ബത്ത് കടയ്ക്ക്’ വേണ്ടിയല്ല. മറിച്ച്, അത് ‘ഒരു സര്‍ബത്ത് കഥ’യ്ക്ക് വേണ്ടിയാണ്.

ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയുടെ സംവിധാനത്തില്‍ പുതിയതായി വരുന്ന വെബ് സീരീസാണ് ‘ഒരു സര്‍ബത്ത് കഥ’. ഈ കുട്ടി സംവിധായകന് വേണ്ടി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഗാനം ആലപിച്ചിരിക്കുന്നു. ഇതോടെ രണ്ട് താരങ്ങളും അവരുടെ മക്കളും ഈ ‘കഥ’യില്‍ ഹാപ്പിയാണ്. അദ്വൈതിന്‍റെ ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് അച്ഛന്‍ സാധിച്ചുകൊടുത്തത്.

മകന്‍റെ സംവിധാന മോഹങ്ങള്‍ക്കും മറ്റും എന്നും  പൂര്‍ണ പിന്തുണ നല്‍കുന്ന ജയസൂര്യ ദുല്‍ഖറിനെ വിളിച്ച് മകന്‍റെ ആഗ്രഹം അറിയിക്കുകയായിരുന്നു. കൂടുതല്‍ ‘കഥ’യൊന്നും പറയാതെ ദുല്‍ഖര്‍ ആ ഓഫര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ലയ കൃഷ്ണരാജ് ആണ് പാട്ടിന് വരികള്‍ എഴുതിയത്. കൃഷ്ണരാജ് സംഗീതം നിര്‍വഹിച്ചു. പാട്ട് ഉടനെ പുറത്തിറങ്ങാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഈ താരമക്കള്‍. ഒരു സര്‍ബത്ത് കഥ എന്ന സീരീസും വൈകാതെ പുറത്തിറങ്ങും. കൃത്യമായി പറഞ്ഞാല്‍, അദ്വൈത് ജയസൂര്യയ്ക്ക് ഇത് ഈ കൊച്ചു ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു സ്വപ്‌ന സാക്ഷാത്കാരം.