ദുബായ് : 182 ദിവസം തുടരുന്ന വേള്‍ഡ് എക്‌സ്‌പോയിലേക്ക് പൊതുജനങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ പ്രവേശനം ആരംഭിച്ചു. കൊവിഡാനന്തര ലോകത്തിന് പുത്തന്‍ പ്രതീക്ഷയേകി ഇന്ത്യ ഉള്‍പ്പടെ 192 രാജ്യങ്ങള്‍ ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നു. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെയും സ്വദേശികളുടെയും വലിയ തിരക്കാണ് ആദ്യ ദിനത്തില്‍ അനുഭവപ്പെടുന്നത്.
ദുബായ് റാഷിദ് അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം 4.3 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സജ്ജമാക്കിയ എക്‌സ്‌പോ സിറ്റിയിലെ മുഖ്യവേദിയായ അല്‍ വാസല്‍ പ്ലാസയാണ് പ്രധാന ആകര്‍ഷണം. സന്ദര്‍ശകര്‍ ഫോട്ടോ എടുത്തും കാഴ്ചകള്‍ കണ്ടും എക്‌സ്‌പോയെ അവിസ്മരണീയമാക്കുന്നു. 130 മീറ്റര്‍ വിസ്തൃതിയിലും 67.5 മീറ്റര്‍ ഉയരത്തിലും നിര്‍മിച്ച കുംഭഗോപുരത്തില്‍ ഭൂമിയും ആകാശവും 360 ഡിഗ്രിയില്‍ പൂര്‍ണ്ണമായി പുനര്‍ജനിച്ച ആവേശക്കാഴ്ചയോടെയാണ് വേള്‍ഡ് എക്‌സ്‌പോയ്ക്ക് സെപ്റ്റംബര്‍ 30 ന് ദുബായില്‍ കൊടിയേറിയത്. സംഗീതവും ദൃശ്യചാരുതയും പുതുമകളോടെ സംഗമിച്ച ഉദ്ഘാടന വേദി ലോകത്താകമാനുള്ള ലക്ഷകണക്കിന് പേര്‍ തത്സമയം കണ്ടു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന മേളയാണിത്. ലോകത്തിന്‍റെ വികസനഭാവി ലക്ഷ്യമിട്ടുള്ള ഈ സാങ്കേതിക-സാംസ്‌കാരിക-വാണിജ്യ പ്രദര്‍ശനമേള 2022 മാര്‍ച്ച് 31 വരെ തുടരും. ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് എക്‌സ്‌പോ നടക്കുന്നത്. 2020 ല്‍ നടക്കേണ്ടിയിരുന്ന മേള കൊവിഡ് മൂലം 2021 ലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ആവേശത്തിന് ഒട്ടും കുറവ് ഉണ്ടായില്ല.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ , സഹിഷ്ണുതാ കാര്യ മന്ത്രി നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍, എക്‌സ്‌പോ ഡയറക്ടര്‍ ജനറലും രാജ്യാന്തര സഹകരണ സഹമന്ത്രിയുമായ റീം അല്‍ ഹാഷ്മി തുടങ്ങിയവരും മറ്റ് രാജ്യാന്തര എക്‌സ്‌പോ ഭാരവാഹികളും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. മലയാളി വ്യവസായികളായ എംഎ യൂസഫലി, സണ്ണി വര്‍ക്കി, ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.