‘ഇന്ത്യയാണ് ഭാവി’ ; ദുബായ് വേള്‍ഡ് എക്‌സ്‌പോ സിറ്റിയില്‍ ഇന്ത്യാ പവലിയന്‍ നിര്‍മാണത്തിന് കല്ലിട്ടു

Jaihind News Bureau
Sunday, September 22, 2019

 

ദുബായ് : വേള്‍ഡ് എക്‌സ്‌പോ വേദിയില്‍ ഇന്ത്യാ പവലിയന്‍റെ കല്ലിടല്‍ ചടങ്ങ് നടന്നു. ഇന്ത്യയുടെ വാണിജ്യ, വ്യവസായ, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കല്ലിടല്‍ നിര്‍വഹിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി, കോണ്‍സല്‍ ജനറല്‍ വിപുല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ഡോക്ടര്‍ ബി.ആര്‍ ഷെട്ടി, ഡോക്ടര്‍ ആസാദ് മൂപ്പന്‍ എന്നിവരും ഇന്ത്യ-യു.എ.ഇ ബിസിനസ് മേഖലയിലെ ഉന്നതതല പ്രതിനിധി സംഘവും ചടങ്ങില്‍ സംബന്ധിച്ചു.

 

ദുബായ് എക്‌സ്‌പോ സൈറ്റില്‍, ഓപ്പര്‍ച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് ഇന്ത്യന്‍ പവലിയന്‍റെ സ്ഥാനം. ആകെ 4,800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായാണ് നിര്‍മാണം. ഇന്ത്യയാണ് ഭാവി എന്നതാണ് പവലിയന്‍റെ സന്ദേശം. പ്രവേശന കവാടത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൂറ്റന്‍ രൂപവും ഒരുക്കുന്നുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സും ദേശീയ കെട്ടിട നിര്‍മാണ കോര്‍പറേഷനും (എന്‍.ബി.സി.സി) നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കും.

സിവില്‍, സ്ട്രക്ചറല്‍ ജോലികള്‍ 2020 മാര്‍ച്ചിലും,  പൂര്‍ണമായ നിര്‍മാണം 2020 ഓഗസ്റ്റിലും പൂര്‍ത്തിയാക്കും. 2020 ഒക്ടോബറോടെ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഇന്ത്യാ പവലയനില്‍ മലയാളി ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്‍റെയും ആസ്റ്റര്‍-ഡി എം ഹെല്‍ത്ത് കെയറിന്‍റെയും പങ്കാളിത്തം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.