ദുബായ്: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന നിമിഷം ഇതാ വന്നെത്തിയിരിക്കുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനൊരുങ്ങുന്നു. 41 വര്‍ഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇരു ടീമുകളും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ ‘എല്‍ ക്ലാസിക്കോ’ പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഉള്‍പ്പെടെ കളിച്ച ആറ് മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഈ സീസണില്‍ പാകിസ്ഥാനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ബാറ്റിംഗില്‍ അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനവും, ബൗളിംഗില്‍ കുല്‍ദീപ് യാദവിന്റെ സ്പിന്‍ മാജിക്കുമാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന ശക്തി. ഏറ്റവും കൂടുതല്‍ തവണ ഏഷ്യാ കപ്പ് കിരീടം (എട്ട് തവണ) നേടിയ റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലാണ്. ഒമ്പതാം കിരീടമാണ് സൂര്യകുമാര്‍ യാദവും സംഘവും ലക്ഷ്യമിടുന്നത്.
മറുവശത്ത്, സല്‍മാന്‍ അലി ആഘ നയിക്കുന്ന പാകിസ്ഥാന്‍ ടീം ഇന്ത്യയോട് മാത്രമാണ് ടൂര്‍ണമെന്റില്‍ പരാജയപ്പെട്ടത്. ഇന്ത്യക്കെതിരായ തോല്‍വിക്ക് ഫൈനലില്‍ പകരം വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ബൗളിംഗ് നിര സ്ഥിരത പുലര്‍ത്തുന്നുണ്ട്.
അതേസമയം, കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമാണ്. ടി20 ഫോര്‍മാറ്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 11 തവണ ഇന്ത്യ വിജയിച്ചപ്പോള്‍ പാകിസ്ഥാന് മൂന്ന് വിജയങ്ങള്‍ മാത്രമാണ് നേടാനായത്. ദുബായിലെ പിച്ചില്‍ ഇരു ടീമുകളും ആഞ്ഞടിക്കുമ്പോള്‍, ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചാണ് ഈ പോരാട്ടം കാത്തിരിക്കുന്നത്.