
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. വിമാനം 24 മണിക്കൂറോളം വൈകുമെന്നും വ്യാഴാഴ്ച മാത്രമേ യാത്ര തിരിക്കൂ എന്നുമാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 150-ഓളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ ദുരിതത്തിലായിരിക്കുകയാണ്.
യാത്രക്കാരില്‍ പലരും അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് തിരിക്കേണ്ടവരാണ്. അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പോലും വിമാനം വൈകിയത് മൂലം കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ നല്‍കാനോ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി.