ദുബായ് : കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബായ് ഹെല്‍ത്ത് അതോറിറ്റി പൊതുജനങ്ങള്‍ക്കായി, അല്‍ നാസര്‍ ക്ലബില്‍, ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 8.00 മുതല്‍ വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലൂടെ, പൊതുജനങ്ങള്‍ക്ക്, കാര്‍ ഓടിച്ചു വന്ന്, കാറില്‍ നിന്നും പുറത്തിറങ്ങാതെ അഞ്ച് മിനിറ്റിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാം. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താം. 48 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകുന്ന സംവിധാനമാണിത്.
സേവനം ആര്‍ക്കെല്ലാം ?
മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, നിശ്ചയദാര്‍ഡ്യമുള്ള വ്യക്തികള്‍, വിട്ടുമാറാത്ത രോഗങ്ങളുവര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന. മികച്ച പരിശീലനം ലഭിച്ച വിവിധ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് ഈ പുതിയ കേന്ദ്രം. ഇത് കൂടാതെ, മറ്റു രണ്ട് പരീക്ഷണ കേന്ദ്രങ്ങളും ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 250 ടെസ്റ്റുകള്‍ നടത്താന്‍ ഇതിലൂടെ നടത്താന്‍ സാധിക്കും. ആര്‍ക്കും എളുപ്പത്തില്‍ വന്ന് പോകാവുന്ന സേവനമാണിത്.
എങ്ങിനെ ബുക്ക് ചെയ്യാം ?
സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. പരിശോധനയ്ക്ക് വരുന്നവര്‍, നേരത്തെ അപോയ്‌മെന്റ് ബുക്ക് ചെയ്യണം. ഇതിനായി 800 DHA അഥവാ (800342) എന്ന നമ്പിലേക്ക് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. തുടര്‍ന്ന് പരിശോധന നടത്തുന്ന വ്യക്തി എമിറേറ്റ്‌സ് ഐ ഡി എന്ന, തിരിച്ചറിയല്‍ കാര്‍ഡുമായാണ് വരണം. പിന്നീട് ലാബ് റിപ്പോര്‍ട്ടുകള്‍, 48 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ വഴിയായി ലഭിക്കും.
പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടത് ?
താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഈ വിലാസത്തില്‍ https://dxbpermit.gov.ae/permit ല്‍ അനുമതിക്കായി പേര് രജിസ്റ്റര്‍ ചെയ്യണം. വാഹനത്തില്‍ വരുന്നവര്‍ മുഖംമൂടികളും കയ്യുറകളും ധരിക്കണം. ഒരു കാറില്‍ മൂന്നില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് പാടില്ല. പൊലീസ് പരിശോധനയ്ക്കായി വന്നാല്‍, ഈ എസ് എം എസ് സന്ദേശം കാണിക്കണം. കോവിഡ് പരിശോധനാ ഫലം പോസ്റ്റീവായാല്‍, ഹെല്‍ത്ത് അതോററ്റി ഉടന്‍ രോഗിയെ ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന സംവിധാനമാണിത്. യുഎഇയില്‍ ഇത് ആദ്യം ആരംഭിച്ചത് തലസ്ഥാനമായ അബുദാബിയിലാണ്.