


ദുബായ് : പുതുവര്‍ഷം ആഘോഷിക്കാന്‍ ഇറങ്ങിയിട്ട് റോഡ് ട്രാഫില്‍ കുടുങ്ങുന്നത് യുഎഇയില്‍ പുതിയ കാര്യമല്ല. എന്നാല്‍, 1.7 കിലോ മീറ്റര്‍ യാത്രയ്ക്ക് 49 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം എടുത്തത്, പുതുവര്‍ഷ ആഘോഷക്കാരെ കുടുക്കിലാക്കി. അര്‍ദ്ധരാത്രി 12 നുള്ള പുതുവര്‍ഷ പിറവി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവര്‍ , ഇതോടെ, വീട്ടിലെത്തിയത് രാവിലെ അഞ്ചിനും ആറിനും ശേഷമാണ്.
ദുബായ് ജൂമൈറ ഭാഗത്ത് നടന്ന ആഘോഷങ്ങളില്‍ സംബന്ധിച്ചവര്‍, ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇത്തരത്തില്‍ മണിക്കൂറുകളോളം ട്രാഫികില്‍പ്പെട്ടു. മിനാ സെയാഹിയില്‍ നിന്നും വാഹന പുറത്തേയ്ക്ക് ഇറങ്ങുന്നവര്‍ ദുബായ് ഹാര്‍ബര്‍ വഴിയാണ്, എക്‌സിറ്റ് എടുത്ത് പുറത്തോട്ട് പോകേണ്ടത്. ഈ മേഖലയില്‍ അറ്റകുറ്റപണി നടക്കുന്നതും മറ്റൊരു കാരണമായി. ഇതോടെ, പലരും ദുബായ് ഹാര്‍ബര്‍ റോഡുകളില്‍ ട്രാഫികില്‍ കുടുങ്ങി. ജെ.ബി.ആര്‍, ജുമൈറ, ബ്‌ളൂ വാട്ടര്‍, ദുബായ് ഹാര്‍ബര്‍ മേഖലകളിലെ പുതുവര്‍ഷ തിരക്കും വാഹന തിരക്കും കൂടിയതോടെ വാഹന ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ച അവസ്ഥയിലുമായി. അതേസമയം, ദുബായ് പൊലീസ്, ആര്‍ടിഎ, ട്രാഫിക് സഹായ സ്‌ക്വാഡുകള്‍ പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ച് ഗതാഗതം നിയന്ത്രച്ചു.
