ഡ്രൈവറില്ലാതെ കുതിക്കാന്‍ ഒരുങ്ങി ദുബായ് ; വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിംഗ് ചാലഞ്ച് ആരംഭിച്ചു

Jaihind News Bureau
Wednesday, October 16, 2019


ദുബായ് : രണ്ടു ദിവസത്തെ വേള്‍ഡ് ചാലഞ്ച് ഫോര്‍ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് സമ്മേളനം ദുബായില്‍ ആരംഭിച്ചു. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തിനുള്ളില്‍ ദുബായിലെ യാത്രകളുടെ 25 ശതമാനവും ഡ്രൈവര്‍ രഹിത വാഹനങ്ങളില്‍ ആക്കുന്നതിന്‍റെ ഭാഗമായാണ് ഈ ലോക സമ്മേളനമെന്ന് സംഘാടകരായ ആര്‍.ടി.എ അറിയിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് സമ്മേളനം.  മധ്യപൂര്‍വദേശത്ത് ഇതാദ്യമാണ് ഇത്തരം സമ്മേളനവും പ്രദര്‍ശനവും നടത്തുന്നതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി.

ഇതോടനുബന്ധിച്ചുള്ള മല്‍സരങ്ങളില്‍ 52 ലക്ഷം ഡോളര്‍ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയും നിക്ഷേപ സാധ്യതകള്‍ വ്യക്തമാക്കുകയുമാണ് സമ്മേളനത്തിന്‍റെ ലക്ഷ്യമെന്നും മാത്തര്‍ അല്‍ തായര്‍ അറിയിച്ചു. ഡ്രൈവര്‍ രഹിത വാഹന മേഖലയിലെ സാങ്കേതിക വിദഗ്ധര്‍, നയരൂപീകരണ രംഗത്തെ പ്രഗത്ഭര്‍, അക്കാദമിക രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 39 ശില്‍പശാലകളും ഇതോടനുബന്ധിച്ച് നടന്ന് വരുന്നു. സമ്മേളനം ബുധനാഴ്ച സമാപിക്കും.