EXCLUSIVE: യുഎഇയില്‍ ഇനി വാഹന ഉപയോഗം അനുസരിച്ച് കിലോ മീറ്ററിന് മാത്രം ഇന്‍ഷൂറന്‍സ് അടച്ചാല്‍ മതി ; ഉപയോഗം കുറഞ്ഞാല്‍ ഇനി ഇന്‍ഷൂറന്‍സ് സംഖ്യ കുറയും , പണം തിരികെ

B.S. Shiju
Thursday, September 5, 2019

ദുബായ് : യുഎഇയില്‍ ഇനി വാഹനം ഓടിക്കുന്നതിന് അനുസരിച്ച് മാത്രം, വാഹന ഇന്‍ഷൂറന്‍സ് തുക അടയ്ക്കാവുന്ന പുതിയ സംവിധാനം പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ഉപയോഗം അനുസരിച്ച് കിലോ മീറ്റര്‍ കണക്കാക്കി, വാര്‍ഷിക ഇന്‍ഷൂറന്‍സ് തുകയുടെ 25 ശതമാനം വരെ, വാഹന ഉടമയ്ക്ക് പണമായി തിരിച്ചു നല്‍കും. യുഎഇയില്‍ ഇത് ആദ്യമായാണ് ഈ വ്യത്യസ്തമായ വാഹന ഇന്‍ഷൂറന്‍സ് നടപ്പാക്കിയതെന്ന് ജയ്ഹിന്ദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഇന്‍ഷൂറന്‍സ് സംവിധാനം അനുസരിച്ച്, ഇനി വാഹനം ഉടമകള്‍, കിലോ മീറ്റര്‍ നിരക്ക് അനുസരിച്ച് മാത്രം, ഇനി  ഇന്‍ഷൂറന്‍സ് തുക അടച്ചാല്‍ മതി. ഇപ്രകാരം, ഒരു വര്‍ഷം ആകെ, ഇരുപതിനായിരം കിലോ മീറ്ററില്‍ താഴെ മാത്രമാണ് വാഹനം ഉപയോഗം എങ്കില്‍ പണം തിരികെ നല്‍കും. ഇപ്രകാരം ഉപയോഗത്തിന് അനുസരിച്ച് മാത്രം , തുക അടച്ചാല്‍ മതി. ദുബായ് കേന്ദ്രമായ പെട്രോളിയം കമ്പനിയായ ഇനോക്, ബീമ കാര്‍ ഇന്‍ഷൂറന്‍സ്, ബി സി ജി ഡിജിറ്റല്‍ വെഞ്ചേഴ്സ് എന്നിവര്‍, ആക്സാ ഇന്‍ഷൂറന്‍സുമായി സഹകരിച്ചാണ് ഈ പുതിയ ആശയം നടപ്പാക്കിയത്. ഒരുപാട് പഠനങ്ങള്‍ക്ക് ശേഷമാണിതെന്ന് ബീമ കാര്‍ ഇന്‍ഷൂറന്‍സ് സി ഇ ഒ , പൗലോ ഗഗിലിയാര്‍ഡി ജയ്ഹിന്ദ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്രകാരം, വാഹന ഉപയോഗം കണക്കാക്കി, വാര്‍ഷിക ഇന്‍ഷൂറന്‍സ് തുകയുടെ 25 ശതമാനം വരെ, വാഹന ഉടമയ്ക്ക് മടക്കി നല്‍കുന്ന പുതിയ സംവിധാനമാണിതെന്നും പൗലോ കൂട്ടിച്ചേര്‍ത്തു.

വാഹനത്തിന്റെ ഓഡോമീറ്ററില്‍ നിന്ന് , ഓരോ വര്‍ഷവും, കിലോമീറ്റര്‍ കണക്കാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്. അല്ലാതെ, വാഹന ഉപഭോക്താക്കളുടെ യാത്രകള്‍, ബീമ, ഒരിക്കലും ട്രാക്ക് ചെയ്യില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇപ്രകാരം ഓഡോമീറ്റര്‍ റീഡിങ്ങ്, തസ്ജീല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് ഹാജരാക്കേണ്ടത്.  നിലവിലെ കാര്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സുപ്രധാന പ്രഖ്യാപനം ആണിത്. ഒപ്പം,  ഓരോ വര്‍ഷവും വാഹന ഉടമകള്‍, കുറഞ്ഞ ഉപയോഗത്തിന്, കൂടുതല്‍ സംഖ്യയുള്ള ഇന്‍ഷൂറന്‍സ് തുക നിര്‍ബന്ധമായി അടയ്‌ക്കേണ്ടി വരുന്ന ആ പഴയ സംവിധാനവും ഇതോടെ പൊളിച്ചെഴുതുകയാണ്.