ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 19 മണിക്കൂറിലധികം വൈകുന്നു; കരഞ്ഞുതളർന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ

 

ദുബായ്: ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 19 മണിക്കൂറിലധികം വൈകുന്നതായി പരാതി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ ദുരിതത്തിലായി. സാങ്കേതിക തകരാറാണ് കാരണമെന്ന പതിവ് പല്ലവി ഇത്തവണയും അധികൃതർ ആവർത്തിച്ചു.

മൂന്നുവട്ടം സമയം പ്രഖ്യാപിച്ചിട്ടും വിമാനം വൈകുന്നതായി യാത്രക്കാർ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പോകേണ്ട IX 346 വിമാനം ഇനി ഫെബ്രുവരി 4 ശനി ഉച്ചയ്ക്ക് 12.30 ന് പോകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതിനും കാര്യമായ സ്ഥിരീകരണം ഇല്ല. ദുബായ് എയർപോർട്ട് ടെർമിനൽ രണ്ടിലാണ് സംഭവം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനെതിരെ യാത്രക്കാർ അതോറിറ്റിക്ക് പരാതി നൽകി. അടിയന്തര ആവശ്യത്തിന് നാട്ടിൽ പോകുന്നവരും യാത്രാ ദുരിതത്തിലാണെന്ന് യാത്രക്കാരനായ ഹാഷിക് അബു ദുബായിൽ ജയ്ഹിന്ദ് ടിവി ന്യൂസിനോട് പറഞ്ഞു.

ആദ്യം വെള്ളിയാഴ്ച രാത്രി പത്തിനും പിന്നീട് ശനി പുലർച്ചെ മൂന്നിനും പോകുമെന്ന് പറഞ്ഞാണ് യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിച്ചത്. പിന്നീടാണ് വീണ്ടും വിമാനം വൈകുമെന്ന അറിയിപ്പ് ലഭിക്കുന്നതെന്നും ഇവർ പരാതിപ്പെട്ടു. കേരള- ഗൾഫ് സെക്ടറിൽ വിമാനങ്ങൾ വൈകുന്നത് വീണ്ടും വർധിച്ചിരിക്കുകയാണ്. ഇതുമൂലമുള്ള യാത്രാദുരിതവും ഇരട്ടിയാണ്.

Comments (0)
Add Comment