ദുബായ് ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ക്ക് കൊടിയേറി ; ഇത്തവണ മേള 167 ദിവസം

Elvis Chummar
Wednesday, October 27, 2021

 

ദുബായ് : ഇരുപത്തിയാറാമത് ദുബായ് ഗ്ലോബൽ വില്ലേജ് ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇത്തവണ 167 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ആഗോള ഗ്രാമത്തില്‍ ഒരുക്കുന്നത്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ വരവറിയിച്ചാണ് ദുബായ് ഗ്ളോബല്‍ വില്ലേജ് ആഘോഷങ്ങള്‍ക്ക് കൊടിയേറിയത്. വേള്‍ഡ് എക്സപോ, ടി ട്വന്‍റി വേള്‍ഡ് കപ്പ് ക്രിക്കറ്റ്, ഐന്‍ ദുബായ് എന്ന കൂറ്റന്‍ യന്ത്ര ഊഞ്ഞാല്‍ തുടങ്ങി നിരവധി ആഘോഷ ആരവങ്ങള്‍ക്ക് കൊഴുപ്പുകൂട്ടിയാണ് ദുബായില്‍ ലോകഗ്രാമം മിഴിതുറന്നത്. ഇരുപത്തി ആറാമത് ഗ്ളോബല്‍ വില്ലേജ് ഇത്തവണ ഗംഭീരമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.

യുഎഇ എന്ന രാജ്യത്തിന്‍റെ അമ്പതാം ദേശീയ ദിനാഘോത്തിനും ആഗോള ഗ്രാമം വേദിയാകും. അടുത്ത വര്‍ഷം ഏപ്രില്‍ 10 വരെ മേള നീണ്ടുനില്‍ക്കും. അതേസമയം ദുബായ് ഗ്ളോബല്‍ വില്ലേജിന്റെ പ്രവേശന ടിക്കറ്റ് നിരക്ക് ഈ വര്‍ഷം വര്‍ധിപ്പിച്ചു. ഇതനുസരിച്ച് പുതുക്കിയ നിരക്ക് ഇനി 20 ദിര്‍ഹമാണ്. നേരത്തെ ഇത് 15 ദിര്‍ഹമായിരുന്നു. അഞ്ചു ദിര്‍ഹത്തിന്‍റെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായത്. അതേസമയം ഓണ്‍ലൈന്‍ വഴി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാണെങ്കില്‍ പഴയ ടിക്കറ്റ് നിരക്കായ 15 ദിര്‍ഹത്തിന് ലഭ്യമാണ്. വിവിധ രാജ്യങ്ങളുടെ സംസ്‌കാരവും കലാപ്രകടനങ്ങളും സംഗമിക്കുന്ന മേളയാണ് ഗ്ലോബല്‍ വില്ലേജ് ആഘോഷം. ഇന്ത്യന്‍ പവലിയനും സജീവ സാന്നിധ്യം അറിയിക്കുന്നു.