യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സിനായി, കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ഇനി പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം, ഇന്ത്യക്കാരായ ഡ്രൈവര്‍മാര്‍ക്ക് , യുഎഇയില്‍ കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ദുബായില്‍ വേദിയാകുന്ന, വേള്‍ഡ് എക്സ്പോയിലേക്ക്, മലയാളികള്‍ ഉള്‍പ്പടെയുള്ള ഡ്രൈവര്‍മാരെ കണ്ടെത്താന്‍ കൂടി വേണ്ടിയാണ് ഈ പുതിയ നീക്കം.
യുഎഇ ഡ്രൈവിങ് ലൈസന്‍സിന്, ഇനി കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. നാഷ്ണല്‍ സ്കില്‍ ഡവല്പമെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ചാണിത്. ദുബായ് കേന്ദ്രമായ എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് , ഇന്ത്യയിലെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടുന്നവര്‍ക്ക്, യുഎഇയില്‍ എത്തിയാല്‍ , ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍, എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. ഇതുവഴി, പണവും സമയവും ലാഭിക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ക്ക്, സാമ്പത്തിക ചെലവേറിയ ഘട്ടത്തിലാണ് ഈ തീരുമാനം. കേരളത്തിന് പുറമേ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങല്ലായി ആദ്യം, ഇരുപതോളം കേന്ദ്രങ്ങള്‍ തുറക്കാനാണ് നീക്കം. യുഎഇ യൂത്ത് ചേംബര്‍ ഓഫ് കോമേഴ്സുമായി സഹകരിച്ചാണിത്.
അതേസമയം, ഇന്ത്യക്കാരായ ഡ്രൈവര്‍മാര്‍, യുഎഇയിലേക്ക്, ജോലി തേടി വരുന്നത് വലിയ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. ഇതോടെ, ഈ മേഖലയില്‍ മികവ് തെളിയിച്ച മലയാളികളായ ഡ്രൈവര്‍മാരുടെ എണ്ണവും രാജ്യത്ത് കുത്തനെ ഇടിഞ്ഞു. ട്രാഫിക് പിഴകള്‍ കൂടിയതും ജോലി ഭാരം വര്‍ധിച്ചതും പലരെയും പിന്തിരിപ്പിച്ചു. പകരം, പാക്കിസ്ഥാന്, നേപ്പാള്‍, ബംഗ്ളാദേശ്, ആഫ്രിക്കന്‍ മേഖല , എന്നീ , രാജ്യക്കാരാണ്, കൂടുതലായി ഡ്രൈവര്‍ ജോലിയ്ക്ക് എത്തുന്നത്. ഇപ്രകാരം, ഒരു കാലഘട്ടത്തില്‍ മലയാളികള്‍ മുന്‍ സീറ്റില്‍ സാരഥികളായിരുന്ന യുഎഇ നിരത്തുകളിലേക്ക് , വീണ്ടും ആ പഴയ മലയാള പ്രതാപം, തിരിച്ച് കൊണ്ടുവരാനും, ഇതുവഴി സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു.