ദുബായ് എയര്‍ ഷോ ദുരന്തം: തേജസ് തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങി; വീരമൃത്യു വരിച്ച പൈലറ്റിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും

Jaihind News Bureau
Saturday, November 22, 2025

ദുബായ് എയര്‍ ഷോയ്ക്കിടെ തകര്‍ന്നു വീണ ഇന്ത്യന്‍ വ്യോമസേനയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ്സിന്റെ ദുരന്തകാരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് മൂന്നരയോടെ ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെ വ്യോമാഭ്യാസത്തിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്.

ദുരന്തത്തില്‍ വീരമൃത്യു വരിച്ച വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയാണ് അദ്ദേഹം. അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന ഔദ്യോഗികമായി അറിയിച്ചു. അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യത ഉണ്ടോ എന്നതിലും പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഈ ദാരുണ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി രാജ്‌നാഥ് സിങ് പ്രതികരിച്ചു. അതോടൊപ്പം, ദുബായ് സിവില്‍ എവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്‌മദ് ബിന്‍ സയീദ് അല്‍ മക്തും, ദുബായ് എയര്‍ ഷോ സംഘാടകരും വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ കുടുംബത്തിനും ഇന്ത്യന്‍ വ്യോമസേനയ്ക്കും പിന്തുണ അറിയിച്ചു.

ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് കോംബാറ്റ് എയര്‍ക്രാഫ്റ്റുകളില്‍ ഒന്നാണ് തേജസ്. 2016-ലാണ് ഈ ലഘു യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. വ്യോമസേനയുടെ കരുത്തും അഭിമാനവുമായ ഈ വിമാനത്തിന്റെ ദുരന്ത കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.