ദുബായ് : ഇരുപത്തിയാറാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ തിയതി പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ഈ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ ഡിഎസ്എഫ് അരങ്ങേറും. കൊവിഡ് കാലഘട്ടത്തില്‍ വിപണിക്ക് പുത്തന്‍ ഉണര്‍വേകാനും ദുബായിക്ക് ഉത്സവാന്തരീക്ഷം പകരാനും ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 25 ന് ദുബായ് ഗ്ലോബല്‍ വില്ലേജിനും കൊടിയേറും.
ആഘോഷ തിയതികള്‍ ഇങ്ങിനെ
ദുബായ് നഗരം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഉത്സവകാലത്തിലേക്ക് കടക്കുകയാണ്. ഒക്ടോബര്‍ 25 ന് ദുബായ് ഗ്ലോബല്‍ വില്ലേജ് തുറക്കുന്നു. ഡിസംബര്‍ 17 ന് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലും ആരംഭിക്കുന്നു. ഇനി ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ദിനരാത്രങ്ങളാണ് വരാനിരിക്കുന്നത്. ഗ്ലോബല്‍ വില്ലേജ് 2021 ഏപ്രില്‍ മാസം 18 വരെയും ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 30 വരെയും നീണ്ടുനില്‍ക്കും.
നൃത്ത-സംഗീത-കലാ-സാസ്‌കാരിക പരിപാടികള്‍
പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സ്റ്റേജ് പരിപാടികള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍, കരിമരുന്ന് പ്രയോഗം, ഷോപ്പിങ് മാളുകളില്‍ വിനോദ പരിപാടികള്‍, സ്വര്‍ണ്ണം -ആഡംബര കാര്‍ നറുക്കെടുപ്പുകള്‍ എന്നിവയും പ്രധാന ആകര്‍ഷണമാകും. കൂടാതെ, 2021 പുതുവര്‍ഷവും പുതുമകളോടെ ആഘോഷിക്കാനാണ്, സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റിട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെ തീരുമാനം.
ലക്ഷ്യം വിപണിയിലെ പുത്തന്‍ ഉണര്‍വ്
കൊവിഡ് കാലഘട്ടത്തില്‍ വിനോദ-വ്യാപാര വിപണിക്ക് പുത്തന്‍ ഉണര്‍വേകാനും ദുബായിക്ക് ഉത്സവാന്തരീക്ഷം പകരാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരാഴ്ച മുന്‍പേയാണ് ഡിഎസ്എഫിന് കൊടിയേറുന്നത്. സ്‌കൂള്‍ അവധി ദിവസങ്ങള്‍ മുന്നില്‍ കണ്ടാണിത്. ഇതോടെ, കുടുംബങ്ങള്‍ക്ക് ഒന്നടങ്കം ആഘോഷത്തില്‍ പങ്കുചേരാനാകും. മിക്ക കുടുംബങ്ങള്‍ക്കും ഈ ശൈത്യകാല അവധിക്ക് , നാട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍, ഷോപ്പിങ് മാളുകളില്‍ ഉള്‍പ്പടെ വിവിധ കലാ-സാസ്‌കാരി പരിപാടികള്‍ ഒരുക്കി വിപണിയെ, കൂടുതല്‍ സജീവമാക്കാനും ദുബായ് ലക്ഷ്യമിടുന്നു.