നടുറോഡില്‍ മദ്യപന്മാരുടെ സംഘട്ടനം; സ്റ്റേഷനില്‍ വിളിച്ചറിയിച്ച യുവാവിന് പോലീസിന്‍റെ ക്രൂര മർദ്ദനം

Jaihind Webdesk
Wednesday, October 11, 2023

 

തിരുവനന്തപുരം: നഗരത്തിൽ നടുറോഡിലുണ്ടായ അതിക്രമം കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച യുവാവിന് പോലീസിന്‍റെ ക്രൂര മർദ്ദനം. വഞ്ചിയൂര്‍ സ്റ്റേഷനിലെ പൊലീസുകാരാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. വഞ്ചിയൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസര്‍ യുവാവിന്‍റെ തല പോലീസ് ജീപ്പിന്‍റെ ബോണറ്റിലിടിക്കുന്നതുൾപ്പെടെയുള്ള മർദ്ദനത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊല്ലം സ്വദേശിയായ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റ് സാനിഷിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നടുറോഡിൽ മദ്യപിച്ച് രണ്ട് പേർ തമ്മിലടിക്കുന്ന വിവരം സാനിഷ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. കൺട്രോൾ റൂമിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവും രാത്രി പന്ത്രണ്ടു മണിയോടെ സ്ഥലത്ത് എത്തിയെങ്കിലും തമ്മിൽ തല്ലിയ ആളുകളെ കണ്ടെത്താനായില്ല. ഇതേ തുടർന്ന് സംഭവം കൺട്രോൾ റൂമിൽ അറിയിച്ച സാനിഷിനെ
ഫോണിൽ വിളിച്ച് സംഭവസ്ഥലത്തെത്താൻ പോലീസ് നിര്‍ദ്ദേശിച്ചു.

എന്നാല്‍ യുവാവ് എത്താൻ വൈകിയെന്ന് ആരോപിച്ച് ജീപ്പിലിരുന്ന അനീഷ് കുമാര്‍ എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞു. അതിനെതിരെ പ്രതികരിച്ച യുവാവിനെ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിന്‍റെ ബോണറ്റിൽ തലയിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്കെതിരെ ഉണ്ടായ പോലീസ് അതിക്രമത്തിനെതിരെ യുവാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചു.