കുട്ടിക്കാനം റോഡില്‍ കാറുമായി യുവാവിന്‍റെ മരണയോട്ടം; മറ്റു വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jaihind Webdesk
Tuesday, June 18, 2024

 

കോട്ടയം: കുമളി റോഡിൽ കാറിൽ യുവാവിന്‍റെ അഭ്യാസപ്രകടനം. കുട്ടിക്കാനം റോഡിലാണ് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടകരമായി രീതിയിൽ കാറോഡിച്ചത്. പീരുമേട് രജിസ്ട്രേഷനിലുള്ളതാണ് കാർ. പിന്നാലെ പോയ കാറിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകർത്തിയത്. റോഡിന് പുറത്തേക്കും എതിർദിശയിലും വളഞ്ഞുപുളഞ്ഞ് ഓടിച്ച കാർ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. എതിർദിശയിലെ വാഹനങ്ങളെയും അപകടത്തിലാക്കുന്ന തരത്തിലാണ് ഇയാള്‍ കാറോടിച്ചത്. ഒരുതവണ റോഡിനു പുറത്തേക്ക് തെന്നിനീങ്ങിയ വാഹനം വെട്ടിത്തിരിച്ചതോടെ റോഡില്‍ വട്ടംകറങ്ങി എതിർവശത്തേക്ക് തെന്നിനീങ്ങി. റോഡിനപ്പുറം കടന്ന വാഹനം താഴ്ചയിലേക്ക് മറിയാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് വീണ്ടും റോഡിലേക്കിറങ്ങി കുറേ ദൂരം പോയ വാഹനം റോഡ് സൈഡിലേക്ക് ഇറക്കി നിർത്തുകയായിരുന്നു.