കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത്; പാർട്ടി നേതാക്കളുടെ ലഹരി ബന്ധം പുറത്തായതോടെ മുഖം രക്ഷിക്കുവാൻ നടപടി തുടങ്ങി സിപിഎം

Jaihind Webdesk
Wednesday, January 11, 2023

കൊല്ലം : കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് കേസിൽ ലോറി ഉടമകളായ സിപിഎം നേതാവ് ഷാനവാസിനേയും സുഹൃത്ത് അൻസാറിനേയും പോലിസ് ചോദ്യം ചെയ്തു. ഇവരുടെ മൊഴിയിൽ വ്യക്തക്കുറവുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ . സംശയ നിഴലിൽ ഉള്ള ഇവരെ വീണ്ടും ചോദ്യം ചെയ്യും. പാർട്ടി നേതാക്കളുടെ ലഹരി ബന്ധം പുറത്തായതോടെ മുഖം രക്ഷിക്കുവാൻ സിപിഎം നടപടി തുടങ്ങി.
ലഹരി കടത്തിലെ മുഖ്യകണ്ണി ഇജാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ സിപിഎം ഷാനാവാസിനെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു.

ഒരു കോടിയിലേറെ വില വരുന്ന ലഹരി ഉല്പന്നങ്ങൾ കടത്തികൊല്ലം കരുനാഗപ്പള്ളിയിൽ പിടിയിലായ ലോറികളുടെ ഉടമകളായആലപ്പുഴ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസിനേയും സുഹൃത്ത് അൻസാറിനേയുമാണ് പോലിസ് ചോദ്യം ചെയ്തത്. ആലപ്പുയിലെത്തിയാണ് കരുനാഗപ്പള്ളി പൊലീസ് ഇരുവരേയും ചോദ്യം ചെയ്തത്. എന്നാൽ
വാഹനയുടമകളുടെ മൊഴിയിൽ വ്യക്തക്കുറവുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ . ലോറി വാടകക്ക് എടുത്ത ജയനാണ് പാൻമസാല കടത്തിയതെങ്കിൽ അൻസാറിന്‍റെ  ലോറിയിൽ പാൻമസാലകൾ എങ്ങനെ വന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഷാനവാസ് നൽകിയ വാടക കരാർ വ്യാജമാണോ എന്നും അ ന്വേഷിക്കുകയാണ് മുദ്രപത്രം തയാറാക്കി നൽകിയ ആളുടെയും സ്റ്റാമ്പ് നൽകിയ ആളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി .പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചു പാൻമസാല കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. വാഹന ഉടമഉടമകളെ ഇനിയും കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും ഇവർ സംശയ നിഴലിൽ തന്നെയാണ്

അതേ സമയം,നഗരസഭാ കൗൺസിലർ ഷാനവാസിന്‍റെ  വാടകകരാറിലുള്ള കട്ടപ്പന സ്വദേശി ജയനെ ഇനിയുംപോലീസിന് കണ്ടെത്താനായില്ല.  സ്വദേശം കട്ടപ്പന ആണെങ്കിലും ജയന്‍റെ ഇടപാടുകൾ കൊച്ചി കേന്ദ്രികരിച്ചാണെന്നാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇയാളെ പിടികൂടുവാനുള്ള ശ്രമങ്ങൾ പോലീസ് നടത്തി വരികയാണ്.ഇതിനിടയിൽ പാർട്ടി നേതാക്കളുടെ ലഹരി ബന്ധം പരസ്യമായതോടെ മുഖം രക്ഷിക്കുവാനുള്ള നടപടികൾ സിപിഎം നേതൃത്വം ആരംഭിച്ചു.

ലഹരിക്കടത്തിലെ മുഖ്യ കണ്ണി ഇജാസിനെ സിപിഎം പാർട്ടിയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കി.
നഗരസഭ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ എ ഷാനവാസിനെ പാർട്ടിയിൽ നിന്നു സസ്പെന്‍റും  ചെയ്തു. സി പി എം ആലപ്പുഴ സിവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമാണ് ഇജാസ് ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. ഷാനവാസ് ഏരിയാ കമ്മറ്റി അംഗവുമാണ്. പിടിയിലായ മറ്റൊരു പ്രതി സജാദ് ഡിവൈഎഫ്ഐ ആലപ്പുഴ വലിയ മരം യൂണിറ്റ് സെക്രട്ടറിയാണ്. സിപിഎം  അംഗമല്ലാത്തതിനാൽ ഇയാൾക്കെതിരെ നടപടി ഡിവൈഎഫ്ഐ  തീരുമാനിക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ അറിയിച്ചു. കഴിഞ്ഞ രാത്രി ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നേരത്തെ ഷാനവാസിനെ വിളിച്ചുവരുത്തി ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. ലോറി വാടകയ്ക്കു നൽകിയിരിക്കുകയാണെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തോടും ഷാനവാസ് വിശദീകരിച്ചത്. ഇതിനു ശേഷം ചേർന്ന പാർട്ടി നേതൃയോഗമാണ് ഷാനവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തത്.