കേരളത്തിലേക്ക് ലഹരിക്കടത്ത്: നൈജീരിയന്‍ പൗരന്‍ എബൂക്ക വിക്ടർ പിടിയില്‍; തൃശൂർ പോലീസ് അറസ്റ്റ് ചെയ്തത് ഡല്‍ഹിയില്‍ നിന്ന്

Jaihind Webdesk
Thursday, December 15, 2022

തൃശൂർ: കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന നെെജീരിയ സ്വദേശി പോലീസ് പിടിയിൽ. 500 ഗ്രാം എംഡിഎംഎ കേരളത്തിലെത്തിച്ച കേസിലെ മുഖ്യ കണ്ണിയാണ് പിടിയിലായ എബുക്ക വിക്ടര്‍. ഡൽഹിയിൽ നൈജീരിയൻ കോളനിയിൽ എത്തിയാണ് തൃശൂർ സിറ്റി പോലീസ് ഇയാളെ പിടികൂടിയത്.

ചില്ലറവിൽപ്പനക്കാർക്കിടയിൽ ‘കെൻ’ എന്നു വിളിക്കുന്ന നൈജീരിയൻ പൗരന്‍ എബൂക്ക വിക്ടർ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്ന ആളാണ്. കർണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മേയില്‍ മണ്ണുത്തിയിൽ നിന്ന് 196 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിന്‍റെ അന്വേഷണമാണ് ഇയാളിലേക്ക് എത്താൻ പോലീസിന് സഹായകമായത്. അന്ന് പിടിയിലായ ചാവക്കാട് സ്വദേശി ബാർഹനുദ്ദീനെ ചോദ്യംചെയ്തതിൽ നിന്നാണ് വിദേശികളെ കുറിച്ച് വിവരം ലഭിച്ചത്.

തുടരന്വേഷണത്തിൽ സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പലസ്തീൻ സ്വദേശി ഹസൻ എന്നിവരിലേക്ക് അന്വേഷണം എത്തി. ബംഗളുരുവിൽ നിന്ന് 2 മാസം മുമ്പ് ഇവരെ അറസ്റ്റ്ചെയ്തു. ഈ പ്രതികളാണ് നൈജീരിയൻ പൗരനെ കുറിച്ച് പോലീസിനോട് പറഞ്ഞത്. ഏറെനാളത്തെ നിരീക്ഷണത്തിന് ശേഷമാണ് തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് ഡൽഹിയിൽ നിന്ന് എബൂക്കയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ന്യൂഡൽഹി സാകേത് കോടതിയിൽ ഹാജരാക്കി. ഇതിനുശേഷമാണ് തൃശൂരിലേയ്ക്ക് എത്തിച്ചത്.