മയക്കുമരുന്നിൽ നിന്നുള്ള ലാഭം തീവ്രവാദത്തിനു വിനിയോഗിക്കുന്നു-അമിത് ഷാ; ലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം- എൻ കെ പ്രേമചന്ദ്രൻ

Jaihind Webdesk
Wednesday, December 21, 2022

ന്യൂഡല്‍ഹി: മയക്കുമരുന്നിൽ നിന്ന് ലഭിക്കുന്ന ലാഭം തീവ്രവാദത്തിനും വിനിയോഗിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് ദുരുപയോഗം തലമുറകളെ നശിപ്പിക്കുന്ന ഗുരുതരമായ പ്രശ്‌നമാണെന്നും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുമിച്ച് മയക്കുമരുന്ന് വിപത്തിനെതിരെ പോരാടണം. അതിര്‍ത്തികളിലൂടെയും തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയുമുള്ള  മയക്കുമരുന്ന് കടത്ത് തടയണമെന്നും   മയക്കുമരുന്ന് മുക്ത ഭാരതമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും  അമിത് ഷാ അറിയിച്ചു.

റൂൾ 193 പ്രകാരം ലോക്‌സഭയിൽ “രാജ്യത്തെ മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ പ്രശ്നവും സർക്കാർ സ്വീകരിച്ച നടപടികളും” എന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ നിന്നുള്ള എംപിമാരായ എൻകെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും  ചർച്ചയിൽ സംസാരിച്ചു. ചെറിയ സംസ്ഥാനമായ കേരളം ലഹരി ഉപയോഗത്തിൽ രാജ്യത്ത് നാലാം സ്ഥാനത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും  വിദ്യാർത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതിനാല്‍  ലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.  ലഹരി ഉപയോഗത്തെ തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുവാക്കൾക്കിടയിൽ രാസലഹരി വസ്തുക്കളുടെ ഉപയോഗം കൂടുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.