ബംഗളുരു : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആറ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് ബിനീഷിന്റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ ഇ.ഡിയുടെ ബംഗളുരുവിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂർ നീണ്ടു. ലഹരിമരുന്ന് കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയെയും ഇ.ഡി ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയാണ്ബിനീഷിനെതിരായ തെളിവായി മാറിയത്. അനൂപിന്റെയും ബിനീഷിന്റെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് കേസിൽ മൂന്നാം തവണയാണ് ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.
ബിസിനസ് ആവശ്യങ്ങൾക്കായി ബിനീഷ് തനിക്ക് പണം നൽകിയിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു. പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്റെ മൊഴി. ചോദ്യംചെയ്യലില്‍ ഇക്കാര്യം ബിനീഷും സമ്മതിച്ചിരുന്നു. ഈ ഹോട്ടലിന്റെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സ്വർണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കടുത്ത പ്രതിരോധത്തിലായ സർക്കാരിനെയും സി.പി.എമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പാർട്ടി സെക്രട്ടറിയുടെ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റ്.