സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. സൈനികര്‍ ഓടിച്ച് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതും എംഡിഎംഎയുമായി നാലുപേരെ നാട്ടുകാര്‍ പിടികൂടിയതും ഇന്ന് തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളാണ്. കോട്ടയം പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരനാണ് പിടിയിലായത്. സംസ്ഥാനത്ത് ലഹരി വേട്ട തുടരുകയാണ് എന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധി.
തിരുവനന്തപുരത്ത് സൈനികന് ഓടിച്ച് അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ നിന്ന് കഞ്ചാവ് പൊതി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മാറനല്ലൂര്‍- കൊറ്റംപള്ളിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. സൈനികനായ ഹിറോഷ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം മറ്റൊരാളും ഉണ്ടായതായിരുന്നതായണ് വിവരം. അമിതമായി മദ്യപിച്ചതാണ് അപകടത്തിന് കാരണമെന്നണ് പ്രാഥമിക നിഗമനം . അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കാട്ടാക്കട പോലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലും കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. അതേസമയം തിരുവനന്തപുരം പൂന്തുറ പള്ളിസ്ട്രീറ്റില്‍ എംഡിഎംഎയുമായി നാലുപേരെ നാട്ടുകാര്‍ പിടികൂടി. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം, റയീസ്, അഫ്സല്, നിജാസ് എന്നിവരെയാണ് രണ്ട് ഗ്രാമിലധികം എംഎഡിഎംഎയുമായി പിടികൂടിയത്. എംഎഡിഎംഎ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ഞായറാഴ്ച പുലര്‍ച്ചയാണ് നാട്ടുകാര്‍ രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡ് എംഡിഎംഎ പിടിച്ചത്. കോട്ടയം പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന് പിടിയിലായി.പൂഞ്ഞാര്‍ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാര്‍ഥിയില്‍ നിന്ന് പിടിച്ചെടുത്തത്. റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ പിടികൂടി അറസ്റ്റ് ചെയ്തു.പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേസമയം 75 കോടിയുടെ എംഡിഎംഎയുമായി 2 വിദേശവനിതകള്‍ ബംഗളൂരുവില്‍ പിടിയിലായി. ദക്ഷിണാഫ്രിക്ക സ്വദേശികളായ ബംബ ഫന്റ, അബിഗേയ്ല് അഡോണിസ് എന്ന രണ്ട് സ്ത്രീകളാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് ബംഗളുരുവില്‍ വന്നിറങ്ങിയ ഇവരില്‍ നിന്നും 37.87 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്. കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. അങ്ങനെ സംസ്ഥാനത്തിനകത്തും പുറത്തുമായി ലഹരിവ്യാപനം വര്‍ധിച്ചിരിക്കുകയാണ്. കൂടുതല്‍ നടപടികളിലേക്കും ലഹരിവ്യാപനം കുറയ്ക്കാനുള്ള സംവിധാനത്തിലേക്കും നീങ്ങുകയാണ് ഉദ്യോഗസ്ഥര്‍.