ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

Jaihind Webdesk
Thursday, July 21, 2022

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച് ദ്രൗപദി മുർമു. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ നേതാവാണ് ദ്രൗപദി മുർമു. ഒഡീഷയിലെ ഉള്‍നാടന്‍ ഗ്രാമത്തിൽ നിന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച് മുർമു റെയ്സിനാ കുന്നിലെ രാഷ്ട്രപതി ഭവനിലേക്ക് എത്തുമ്പോൾ കുറിക്കപ്പെടുന്നത് പുതുചരിത്രം.

754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. മുർമുവിനു കിട്ടിയ വോട്ടുകളുടെ മൂല്യം 6,76,803 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 3,80,177 ആണ്. 15 വോട്ടുകൾ അസാധുവായതായി വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദി അറിയിച്ചു.  2,824 വോട്ടുകളാണ് മുർമുവിന് ലഭിച്ചത്. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 വോട്ടുകളും ലഭിച്ചു.

പാർലമെൻറിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടന്നത്. ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്.

ഒഡീഷയിലെ സന്താൾ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ടയാളാണ് ദ്രൗപദി മുർമു. മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്ന് പോരാടി ഉയര്‍ന്നുവന്നയാളാണ് ദ്രൗപദി മുര്‍മുവെന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദി. തങ്ങളുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ പെൺകുട്ടി. ഭുവനേശ്വറിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്സില്‍ ബിരുദം. സ്കൂള്‍ അധ്യാപികയായിരിക്കുന്ന കാലത്താണ് രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. 1997 ൽ മുർമു റായ്റംഗ്പൂർ മുൻസിപ്പൽ കൗൺസിലറായി. 2000 ലും, 2004 ലും ഒഡീഷയിൽ എംഎൽഎ ആയി. നാല് വർഷക്കാലം മന്ത്രിപദം അലങ്കരിച്ചു. ട്രാൻസ്പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 2009ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജാർഖണ്ഡ് ഗവർണറായി തിരികെയെത്തിയ  മുർമു തന്‍റെ നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ജാർഖണ്ഡിലെ ഭൂനിയമങ്ങൾക്കെതിരായ ആദിവാസി സമരങ്ങളില്‍ മുർമുവിന്‍റെ നിലപാടുകള്‍  കാർക്കശ്യമുള്ളതായിരുന്നു. മന്ത്രിയായും ഗവർണറായുമുള്ള കാലഘട്ടത്തിലെ ഭരണ മികവ് കൂടിയാണ് ദ്രൗപദി മുർമുവിനെ ഇപ്പോള്‍ പ്രഥമ വനിത എന്ന സ്ഥാനത്തേക്കും എത്തിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപദി മുര്‍മു.

എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്ട്രല്‍ കോളജിലെ 4,796 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 99% പോളിംഗ് നടന്നു. കേരളം അടക്കം 12 ഇടങ്ങളില്‍ 100% പോളിംഗ് രേഖപ്പെടുത്തിയിരുന്നു.  ദ്രൗപദി മുര്‍മു രാജ്യത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിങ്കളാഴ്ച  സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എഴുതപ്പെടുന്നത് പുതുചരിത്രം കൂടിയാണ്.