ന്യൂഡല്‍ഹി : ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കോമ്പൗണ്ടില്‍ ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സുരക്ഷാ വീഴ്ചയ്‌ക്കെതിരേ ഇന്ത്യ, പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിന് സമീപവും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്.
വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ സാങ്കേതികവിദ്യ സൂചിപ്പിക്കുന്നത് ഭരണകൂട പിന്തുണയോടെ പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളായ ജയ്‌ഷെ- ഇ- മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവരാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് – ശ്രീനഗറിലെ 15 കോര്‍പ്‌സിന്റെ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.പി. പാണ്ഡെ പറഞ്ഞു.
പാകിസ്താന്‍ മണ്ണില്‍, ഉയര്‍ന്ന സുരക്ഷയുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഡ്രോണ്‍ നടത്തിയ സുരക്ഷാ ലംഘനം സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. ഏതാനും വര്‍ഷങ്ങളായി അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങള്‍ എത്തിക്കാന്‍ പാകിസ്താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പതിവായി ഡ്രോണ്‍ കാണുന്നതായി റിപ്പോര്‍ട്ട് ചെയ്ത ബിഎസ്എഫ് ചിലതിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.