പുതിയ നിയമം നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രം; ചർച്ചയ്ക്ക് പിന്നാലെ സമരം പിന്‍വലിച്ച് ഡ്രൈവർമാർ

Jaihind Webdesk
Tuesday, January 2, 2024

 

ന്യൂഡല്‍ഹി: പുതിയ ക്രിമിനൽ നിയമങ്ങൾക്ക് എതിരെ ട്രക്ക് ഡ്രൈവർമാരുടെ സംഘടന നടത്തിയ സമരം പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ആൾ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് അടക്കമുള്ള സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ക്രിമിനൽ നിയമ ഭേദഗതി സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുമെന്ന് ആഭ്യന്തര സെക്രട്ടറി സമരം ചെയ്ത സംഘടനകൾക്ക് ഉറപ്പ് നൽകി.

അപ്രതീക്ഷിത സമര പ്രഖ്യാപനം ആയിരുന്നു ഉണ്ടായത്. ട്രക്കുകൾ റോഡുകളിൽ നിർത്തിയിട്ട് വലിയ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രയിലും ബിഹാറിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തർ പ്രദേശിലും ട്രക്ക് ഡ്രൈവർമാരുടെ സമരം അക്രമാസക്തവുമായി. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് കാരണമുള്ള മരണം പോലുള്ള ഗുരുതര അപകടങ്ങൾക്കു കടുത്ത ശിക്ഷ ആണ് പുതിയ ഭാരതീയ ന്യായ സംഹിത നിയമത്തിലുള്ളത് .
അപകടം ഉണ്ടായാൽ പോലീസിനെ അറിയിക്കാതെ പോകുന്ന ഡ്രൈവർമാർ പത്തു കൊല്ലം തടവും ഏഴു ലക്ഷം രൂപ വരെ പിഴയും നൽകണം . ഈ വ്യവസ്ഥകളടങ്ങിയ ക്രിമിനൽ നിയമ ഭേദഗതിക്കെതിരെ മൂന്നു ദിവസത്തെ രാജ്യവ്യാപക സമരം ആണ് ട്രക്ക് ഉടമകളുടെ സംഘടന ആഹ്വനം ചെയ്തത് .

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെയാണ്  രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവർമാർ സമരം നടത്തിയത്. കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ചും ഡ്രൈവർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ചർച്ചകൾക്ക് മുൻകൈയെടുത്തും രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സമരം ശക്തമായതോടെയാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറായത്. നിയമം ബാധിക്കുന്ന വിഭാഗവുമായി ചർച്ച ചെയ്യാതെയും പ്രതിപക്ഷവുമായി സംസാരിക്കാതെയും നിയമങ്ങൾ ഉണ്ടാക്കണമെന്ന പിടിവാശി ജനാധിപത്യത്തിന്‍റെ ആത്മാവിന് നേരെയുള്ള തുടർച്ചയായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

പുതിയ നിയമത്തിനെതിരെ മൂന്നു ദിവസം നീളുന്ന സമരം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ​ടാങ്കർ ലോറി ഡ്രൈവർമാരും സമരം തുടങ്ങിയതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം ഏറെക്കുറെ നിലച്ചിരുന്നു. ഇന്ധന ടാങ്കർ ലോറികളും സമരത്തിന്‍റെ ഭാഗമായതോടെ പെട്രോൾ പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇതോടെയാണ് ട്രക്ക് ഉടമകളുടെ സംഘടനയുമായി കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറായത്. അതേസമയം സമരം ചെയ്ത സംഘടനകളുമായി ചർച്ച നടത്തിയ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇതുവരെയും നടപ്പിലാക്കാത്ത നിയമത്തിന്‍റെ പേരിലാണ് സമരമെന്ന് ചൂണ്ടിക്കാട്ടി. നിയമം നടപ്പിലാക്കും മുമ്പ് ആവശ്യമായ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇതോടെയാണ് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച സംഘടനകൾ സമരം പിൻവലിക്കാൻ തയാറായത്.