ദൃശ്യ വധക്കേസ്: കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതി വിനീഷ് പിടിയില്‍; പിടികൂടിയത് മുംബൈയില്‍ നിന്ന്

Jaihind News Bureau
Saturday, April 11, 2026

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് സെല്‍ തുരന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷ് പിടിയിലായി. മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മുംബൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഡിസംബര്‍ 29-നാണ് അതീവ സുരക്ഷയുള്ള സെല്ലിന്റെ ഭിത്തി തുരന്ന് വിനീഷ് പുറത്തുകടന്നത്. ചായ കുടിക്കാന്‍ നല്‍കിയ സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് ദിവസങ്ങളോളം പ്രയത്‌നിച്ച് ടൈലുകള്‍ ഇളക്കിമാറ്റിയാണ് ഇയാള്‍ ഭിത്തി തുരന്നത്. രണ്ടാമത്തെ തവണയാണ് ഇയാള്‍ കുതിരവട്ടത്ത് നിന്ന് ചാടിപ്പോകുന്നത് എന്നത് അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

പ്രതി രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാര്‍ക്കെതിരെ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ നടപടി സ്വീകരിച്ചിരുന്നു. വിനീഷ് പുറത്തിറങ്ങിയ വാര്‍ത്ത കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇയാളില്‍ നിന്ന് മുന്‍പും ഭീഷണിയുണ്ടായിരുന്നതിനാല്‍ കുടുംബത്തിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പൊലീസ്, വിനീഷ് സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ കര്‍ണാടകയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഒടുവില്‍ മുംബൈയില്‍ നിന്നാണ് പ്രത്യേക സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ ഉടന്‍ കേരളത്തിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ കഴിയാന്‍ മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.